Kerala

ചെറിയ പെരുന്നാള്‍: രാത്രി നിയന്ത്രണങ്ങളില്‍ ഇളവ്; അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാസപ്പിറവി കണ്ടശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്നത് പരിഗണിച്ചാണ് ഇളവ്.

ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാല്‍ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കില്‍ നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ തുറക്കാന്‍ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാള്‍ ആവുകയാണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ പ്രതിസന്ധി അനുഭവിക്കുന്ന കാലത്തിലൂടെയാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. എന്നാല്‍ പതിവുരീതിയിലുള്ള ആഘോഷങ്ങള്‍ നടത്താന്‍ ലോകത്തെവിടേയും സാഹചര്യമില്ല. പള്ളികളിലും ഈദ് ഗാഹിലും ഒത്തുചേരുന്ന പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീടുകളിലാണ് നിര്‍വഹിക്കുന്നത്.

മനപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലീം മതനേതാക്കള്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സമത്വത്തിന്റേയും സഹനത്തിന്റേയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Back to top button