ഓൺലൈൻ പഠന സംവിധാനങ്ങളുമായി തിരുവമ്പാടി മണ്ഡലത്തിലെ പതിമൂന്ന് കേന്ദ്രങ്ങൾ സജ്ജമായി.

തിരുവമ്പാടി: കോവിഡ് 19ന്റെ ഭാഗമായി സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ ഓൺലൈൻ സൗകര്യം ലഭ്യമല്ലാത്ത തിരുവമ്പാടി മണ്ഡലത്തിലെ കുട്ടികൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ആദ്യ പാദം പൂർത്തീകരിച്ചു.
ആദ്യ ഘട്ടത്തിൽ മണ്ഡലത്തിലെ പതിമൂന്ന് ഇടങ്ങളിൽ അയൽപക്ക പഠനകേന്ദ്രങ്ങൾ തയ്യാറാക്കി. പഠന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ടി വികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. ആവശ്യമനുസരിച്ച് ഇനിയും സൗകര്യങ്ങൾ ഒരുക്കുമെന്ന് എം എൽ എ ജോർജ് എം തോമസ് അറിയിച്ചു.
പുതുപ്പാടി പഞ്ചായത്തിലെ പയോണ എസ് റ്റി കോളനി, നാക്കിലംപാട് എസ് റ്റി കോളനി, ആച്ചി നാല്സെൻറ് കോളനി എന്നിവിടങ്ങളിലും തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ എസ് റ്റി കോളനി, കൊടക്കാട്ടുപാറ എസ് റ്റി കോളനി, ഓളിക്കൽ എസ് റ്റി കോളനി എന്നിവിടങ്ങളിലും കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് അംഗൻവാടി, കുളിരാമുട്ടി അംഗൻവാടി, പുഷ്പഗിരി അംഗൻവാടി എന്നിവിടങ്ങളിലും കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് അംഗൻവാടി, മൈസൂർമല അംഗൻവാടി എന്നിവിടങ്ങളിലും കൊടിയത്തൂർ പഞ്ചായത്തിലെ ദേവസ്വംകാട് അംഗൻവാടിയിലും മുക്കം നഗരസഭയിലെ കുറ്റ്യേരിമ്മൽ അംഗൻവാടിയിലും ആണ് ഓൺലൈൻ പഠന കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.







