Puthuppady

മകൻ്റെ മർദ്ദനമേറ്റെന്ന സംശയം; ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു

പുതുപ്പാടി: ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കൊട്ടാരക്കോത്ത് കാവുംപുറം അങ്ങാടിയിൽ ഹോട്ടൽ നടത്തിവന്നിരുന്ന അബ്ബാസ് (53) ആണ് മരിച്ചത്.

മകന്റെ മർദ്ദനത്തെ തുടർന്നാണ് പരിക്കേറ്റതെന്ന സംശയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം എട്ടിന് വീട്ടിലെ സ്റ്റെയർകേസിൽനിന്ന് വീണ് പരിക്കേറ്റതായാണ് ആശുപത്രിയിൽ അറിയിച്ചിരുന്നത്.

അപകടത്തിൽ 11ഓളം വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയ അബ്ബാസിന് ഇന്നലെ വീണ്ടും ശരീരവേദന രൂക്ഷമായതിനെ തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് മരണം സംഭവിച്ചത്.

വീട്ടിൽവെച്ച് അബ്ബാസിന് മർദ്ദനമേറ്റെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. മകന്റെ മർദ്ദനമാണ് പരിക്കിന് കാരണമെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.നേരത്തെ ഇന്ന് വൈകിട്ട് 4.30ഓടെ ഖബറടക്കം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മർദ്ദനമേറ്റെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം നാളെയായിരിക്കും സംസ്കാരം.

Related Articles

Leave a Reply

Back to top button