ലോക്ഡൗണിൽ ജീവിതം വഴിമുട്ടി ഭിന്നശേഷിക്കാരും

തിരുവമ്പാടി∙ വരുമാന മാർഗങ്ങൾ നിലച്ച് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ഭിന്നശേഷിക്കാർ. കുട നിർമാണം ആയിരുന്നു ഇവരുടെ പ്രധാന വരുമാനമാർഗം. കാലവർഷാരംഭത്തിലാണ് കുട കൂടുതലും വിൽപന നടന്നിരുന്നത്. എന്നാൽ ലോക്ഡൗണും കോവിഡും ഇവരുടെ വരുമാനം ഇല്ലാതാക്കി. കുടയും കടലാസ് പേനയും നിർമിച്ച് പാലിയേറ്റീവ് കൂട്ടായ്മയിലൂടെ വിറ്റഴിച്ച് ജീവിതം കൂട്ടിമുട്ടിക്കുക ആയിരുന്നു ഭിന്നശേഷിക്കാർ. നിലവിലെ ലോക്ഡൗൺ സാഹചര്യത്തിൽ സ്കൂളുകളും കോളജുകളും തുറക്കാൻ പറ്റാത്തതിനാൽ കുടകളുടെയും പേനയുടെയും ആവശ്യക്കാരും ഇല്ലാതായി.
മറ്റു തൊഴിലുകൾക്കൊന്നും പോകാൻ കഴിയാത്ത ഭിന്നശേഷിക്കാരുടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ സർക്കാർ മുൻകൈയെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ മറ്റ് സംവിധാനങ്ങളിലൂടെയോ വരുമാനം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യമുയരുന്നു. ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ ആയിരുന്നു ഈ പ്രദേശത്തെ ഭിന്നശേഷിക്കാരുടെ ഉൽപന്നങ്ങൾ വിറ്റഴിച്ചിരുന്നത്.
16 വർഷം മുൻപ് ടാങ്കർ ലോറി അപകടത്തിൽ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട സുനീഷ് തിരുവമ്പാടി വീൽ ചെയറിൽ ഇരുന്ന് നിർമിച്ച ഇരുനൂറോളം കുടകൾ വീട്ടിൽ ഉണ്ട്. ലോക്ഡൗൺ തുടങ്ങുന്നതിനു മുൻപ് വാങ്ങിയ സാമഗ്രികൾ ഉപയോഗിച്ച് ആണ് കുടകൾ നിർമിച്ചത്. 320 രൂപ മുതൽ 500 രൂപ വരെ വിലയുള്ള കുടകൾ ആണ് ഉള്ളത്. വഴിമുട്ടിയ ജീവിതങ്ങൾക്ക് കൈത്താങ്ങ് എവിടെനിന്ന് ഉണ്ടാകും എന്ന ആശങ്കയിലാണ് ഭിന്നശേഷിക്കാർ. 97465 53352







