Mukkam

ഇവരുടെ കൈകളിൽ ഭദ്രം, ശുചിത്വ, സുന്ദര കേരളം

മുക്കം : കരിനീലനിറത്തിലുള്ള ചുരിദാറിന് മുകളിൽ പച്ചക്കോട്ടും തലയിൽ പച്ചത്തൊപ്പിയും കൈയുറയും ധരിച്ച ഒരുകൂട്ടം വനിതകൾ. ദിവസവും കിലോമീറ്ററുകൾ നീളുന്ന യാത്ര. ചിലപ്പോൾ ഗുഡ്സ് ഓട്ടോയുടെ പിന്നിൽ, മറ്റുചിലപ്പോൾ ലോറിയുടെ പിന്നിൽ! എങ്ങനെയായാലും ലക്ഷ്യം ഒന്നുമാത്രം. മാലിന്യത്തിൽനിന്ന് നാടിനെയും പ്ലാസ്റ്റിക്കിൽനിന്ന് പ്രകൃതിയെയും സംരക്ഷിക്കണം, കുടുംബം പുലർത്തണം.

കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യവും തീയിൽ പ്ലാസ്റ്റിക് എരിഞ്ഞമരുമ്പോഴുണ്ടാകുന്ന ദുർഗന്ധവും ഇന്ന് മുക്കം നഗരസഭയിലില്ല. 46 വനിതകൾ അടങ്ങുന്നതാണ് മുക്കം നഗരസഭയിലെ ഹരിതകർമസേന. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാലിന്യവും പാഴ്‌വസ്തുക്കളും ശേഖരിച്ച്, തരംതിരിച്ചാണ് ഇവർ വരുമാനം കണ്ടെത്തുന്നത്. ബാക്കിയെല്ലാം ഇവർക്ക് വരുമാനം നൽകുന്ന വസ്തുക്കളാണ്.
ഓരോദിവസവും രണ്ട് വാർഡുകൾ കേന്ദ്രീകരിച്ചാണ് മാലിന്യശേഖരണം. 24 പേരാണ് മാലിന്യം ശേഖരിക്കുക. ചുട്ടുപൊള്ളുന്ന വെയിലും പേമാരിയും ഇവർക്ക് തടസ്സമല്ല. ശേഖരിക്കുന്ന മാലിന്യം എംസിഎഫിലെത്തിച്ച് ബാക്കിയുള്ളവർ ചേർന്ന് തരംതിരിക്കും. വീടുകളിൽനിന്ന് ശേഖരിക്കുന്ന ഒരു ചാക്ക് മാലിന്യം വേർതിരിച്ചാൽ കേവലം ഒരുകവറിൽ ഒതുക്കാനുള്ളതേ ഉണ്ടാകൂവെന്ന് ഇവർ പറയുന്നു. മാലിന്യം ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും വേങ്ങേരി നിറവിന്റെ പ്രത്യേക പരിശീലനം നേടിയവരാണിവർ.

വീടുകളിൽനിന്നും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്നും 500 ചാക്ക് മാലിന്യമാണ് ഇവർ ശേഖരിക്കുന്നത്. ഈ മാലിന്യം അയൽസംസ്ഥാനങ്ങളിലേക്ക്‌ കയറ്റി അയക്കുമ്പോൾ, ഒരുമീറ്റർ ക്യുബിക്കിന് 1000 രൂപയെന്ന നിരക്കിൽ ഏജൻസിക്ക് നഗരസഭ നൽകണം. എന്നാൽ, ഇത് എംസിഎഫിലെത്തിച്ച് തരംതിരിച്ചാൽ മാലിന്യത്തിന്റെ അളവ് മൂന്നിലൊന്നായി കുറയും. തരംതിരിക്കുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കുപ്പി ഉൾപ്പെടെയുള്ളവ ഇവർ മറ്റു ഏജൻസികൾക്ക് നിശ്ചിതവിലയ്ക്ക് വിൽക്കുകയാണ് പതിവ്. വീട്ടിൽനിന്ന് യൂസർഫീയായി ലഭിക്കുന്ന 50 രൂപയും തരംതിരിച്ച് വിൽക്കുമ്പോൾ കിട്ടുന്ന തുകയുമാണ് ഇവരുടെ വരുമാനം. ഈ വരുമാനംകൊണ്ട് കുടുംബത്തിന് തണലാകുന്നവരാണ് ഹരിതകർമസേനാംഗങ്ങൾ. കുടുംബത്തിന് താങ്ങാകുന്നതിനൊപ്പം നാടിനെ ശുചിത്വ, സുന്ദര നഗരമാക്കി നിലനിർത്തുകയും ചെയ്യുന്ന ഇവർക്ക് ഒരു സല്യൂട്ട്.

Related Articles

Leave a Reply

Back to top button