Mukkam

അധ്യാപകർ പണിമുടക്കി; വിദ്യാർഥികളുടെ പരീക്ഷ മുടങ്ങി

മുക്കം : ഏഴുമാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് അധ്യാപകർ പണിമുടക്കിയതോടെ അഞ്ഞൂറിലധികം വിദ്യാർഥികളുടെ ബോർഡ് പരീക്ഷ മുടങ്ങി. കളൻതോട് കെ.എം.സി.ടി. പോളിടെക്നിക് കോളേജിലാണ് അധികൃതരുടെ ഗുരുതരവീഴ്ച.

രണ്ടാംവർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയാണ് അധ്യാപകരുടെയും ജീവനക്കാരുടെയും നിസ്സഹകരണസമരത്തെത്തുടർന്ന് മുടങ്ങിയത്. കഴിഞ്ഞ നവംബറിൽ നടക്കേണ്ട പരീക്ഷ കോവിഡ്മൂലം മാറ്റിവെക്കുകയായിരുന്നു.

ഡിസംബർമാസത്തെ ശമ്പളവും മറ്റുമാസങ്ങളിലെ മുടങ്ങിയ ശമ്പളവും എന്ന് തരുമെന്ന് രേഖാമൂലം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് കോളേജിലെ നൂറോളം അധ്യാപകരും മറ്റു ജീവനക്കാരും സമരത്തിന് നോട്ടീസ് നൽകിയത്. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ചൊവ്വാഴ്ചമുതൽ നിസ്സഹകരണസമരം നടത്തുമെന്നുകാണിച്ച് തിങ്കളാഴ്ച രാവിലെ കത്തുനൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ പരീക്ഷ മുടങ്ങുമെന്നുറപ്പായതോടെയാണ് പ്രിൻസിപ്പൽ ചർച്ചയ്ക്ക് തയ്യാറായത്.

ശമ്പളവിതരണത്തിൽ രേഖാമൂലം ഉറപ്പുകിട്ടാതെ പരീക്ഷാ ഡ്യൂട്ടി എടുക്കില്ലെന്ന് അധ്യാപകർ നിലപാടെടുത്തതോടെ പരീക്ഷ മുടങ്ങുകയായിരുന്നു. പരീക്ഷ മുടങ്ങിയതോടെ പ്രകോപിതരായ വിദ്യാർഥികൾ കോളേജ് അടിച്ചുതകർത്തു. ജനൽച്ചില്ലുകളും സ്റ്റാഫ് റൂമിലെ ഉപകരണങ്ങളും അടിച്ചുതകർത്ത വിദ്യാർഥികൾ രണ്ടു മണിക്കൂറോളം പ്രിൻസിപ്പലിനെ ഉപരോധിച്ചു. അതിനിടെ എസ്.എഫ്.ഐ. നേതാക്കളും സ്ഥലത്തെത്തി പ്രിൻസിപ്പലിനെ ഉപരോധിച്ചു.

ഉച്ചയ്ക്കുശേഷം നടക്കാനിരുന്ന സപ്ലിമെന്ററി പരീക്ഷകൂടി മുടങ്ങുമെന്നായതോടെ മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രിൻസിപ്പൽ, അധ്യാപക പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവരുമായി ചർച്ചനടത്തി. രണ്ടുമാസത്തെ ശമ്പളമെങ്കിലും ഉടൻ വേണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും വ്യാഴാഴ്ച മുക്കം പോലീസ് സ്റ്റേഷനിൽ ചർച്ചനടത്തി പ്രശ്നം പരിഹരിക്കാമെന്ന ഇൻസ്പെക്ടറുടെ ഉറപ്പിനെത്തുടർന്ന് അധ്യാപകർ പരീക്ഷാ ഡ്യൂട്ടിക്ക് കയറുകയായിരുന്നു.

Related Articles

Leave a Reply

Back to top button