Kozhikode
ഓട്ടോയുടെ നിറംമാറ്റം: കർശന നടപടിയുമായി ആർ.ടി.ഒ.

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നഗരത്തിൽ ഓട്ടോറിക്ഷകൾ നിറംമാറ്റി ഓടുന്നു. രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പോസ്റ്ററുകൾ ചിഹ്നങ്ങളും പതിക്കുന്നതിന് പുറമേ ഓട്ടോറിക്ഷകളുടെ നിറം നിയമവിരുദ്ധമായി മാറ്റിയാണ് സർവീസ് നടത്തുന്നത്.
ഓട്ടോറിക്ഷകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനായി നിറം മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ആർ.ടി.ഒ. അറിയിച്ചു. ഇതിനെതിരേ പിഴ ഈടാക്കുന്നത് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കും. ആർ.ടി.ഒ.യുടെ അനുമതിയില്ലാതെയാണ് ഓട്ടോകൾ നിറം മാറ്റുന്നത്.
അനുമതി ലഭിക്കണമെങ്കിൽ ഒരു സ്ക്വയർ സെന്റിമീറ്ററിന് ഒരുമാസത്തേക്ക് അഞ്ചുരൂപ വെച്ച് അടയ്ക്കണം. ശനിയാഴ്ച മുതൽ പരിശോധന ശക്തമാക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.







