Kodiyathur
ഇരുവഞ്ഞിപ്പുഴയിലെ ആക്രമണകാരികളായ നീർനായകളെ പിടികൂടാൻ കൂട് സ്ഥാപിച്ചു

കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയിലെ ആക്രമണകാരികളായ നീർനായകളെ പിടികൂടാൻ കൂട് സ്ഥാപിച്ചു. നീർനായകളുടെ ആക്രമണം അടുത്തകാലത്ത് പെരുകിയ സാഹചര്യത്തിലാണ് വീണ്ടും കൂട് സ്ഥാപിച്ച് പിടിക്കാൻ നടപടിയായത്.
കഴിഞ്ഞദിവസം മൂന്നുപേർക്ക് കടിയേറ്റിരുന്നു. വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിലാണ് കെണി സ്ഥാപിച്ചത്. 2021 മേയിൽ കടവുകളിൽ വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും നീർനായകളെ പിടിക്കാനായില്ല. തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
നീർനായകളെ പിടികൂടി അവയ്ക്കനുയോജ്യമായ ആവാസവ്യവസ്ഥയിൽ കൊണ്ടുപോയി തുറന്നുവിടുകയായിരുന്നു ലക്ഷ്യം. സ്ഥലം സന്ദർശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ച കൂട് നാട്ടുകാരായ അബ്ദുറഹീം കുന്നത്ത്, ഹാരിസ് അമ്പലക്കണ്ടി, അബ്ദുല്ലാഹി എന്നിവരാണ് സ്ഥാപിച്ചത്.







