Mukkam

‘സർക്കാർ കൃഷി’യുടെ രുചിയോടെ അരിയും അവലും

മുക്കം ∙ ഗസറ്റഡ് ഓഫിസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരും അധ്യാപകരും പാടത്തു വിളയിച്ച നെൽക്കൃഷിയിലെ നെല്ല് കഞ്ഞിയരി, പുഴുക്കലരി, അവൽ, ഉണക്കലരി എന്നിവയായി വിപണിയിൽ. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ (എഫ്എസ്ഇടിഒ) കൊടിയത്തൂർ പഞ്ചായത്ത് ഘടകത്തിന്റേതാണ് ഈ വിജയഗാഥ. 

സുഭിക്ഷ കേരളം പദ്ധതിയിലാണു സർക്കാർ ഉദ്യോഗസ്ഥർ പാടത്തിറങ്ങി നെൽക്കൃഷിയിൽ മികച്ച വിളവു കൊയ്തത്. ചെറുവാടി പുഞ്ചപ്പാടത്തെ 3 ഏക്കർ വയലിൽ ഇത്തവണ 30 ക്വിന്റൽ നെല്ലാണു വിളവെടുത്തത്. നടീൽ ഒഴികെയുള്ള പ്രവൃത്തികൾക്കായി കൂട്ടായ്മയിലുള്ളവർ ഒഴിവു ദിവസങ്ങളിലും വൈകുന്നേരങ്ങളിലും പാടത്ത് എത്തി.  യന്ത്രം ഉപയോഗിച്ച് ഉദ്യോഗസ്ഥർ തന്നെ കൊയ്തു. തുടർന്നു മില്ലുകളിൽ എത്തിച്ച് അരിയും അവലുമാക്കി. 

12 സംഘടനകളുടെ കൂട്ടായ്മയായ എഫ്എസ്ഇടിഒയിൽ ഗസറ്റഡ് ഓഫിസർമാർ ഉൾപ്പെടെയുള്ള 200 പേർ അംഗങ്ങളാണ്. കൂട്ടായ്മയിലുള്ളവർക്ക് ആവശ്യമായ ഉൽപന്നങ്ങൾ വീതംവച്ച ശേഷം ബാക്കി വരുന്ന ഉൽപന്നങ്ങൾ കൊടിയത്തൂർ സഹകരണ ബാങ്കിന്റെ വിപണന കേന്ദ്രങ്ങൾ വഴി പൊതുവിപണിയിലെത്തിക്കും. ഉൽപന്നങ്ങൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി പി.പി.സന്തോഷിന് നൽകി ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. 

എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഹംസ കണ്ണാട്ടിൽ, എഫ്എസ്ഇടിഒ മേഖല സെക്രട്ടറി അനൂപ് തോമസ്, നസീർ മണക്കാടിയി‍ൽ, കെ.കെ.ആലിഹസ്സൻ, പി.സി.മുജീബ്, സജ്ന സുൽഫിക്കർ കാരക്കുറ്റി, പി.പി.അസ്‌ലം, പി.എസ്.പ്രശാന്ത്, എ.അനിൽകുമാ‍ർ, ആഫിസ് ചേറ്റൂർ, ഷെല്ലി ജോൺ തോട്ടുമുക്കം, ടി.വിജീഷ് തുടങ്ങിയവർ കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നു.

Related Articles

Leave a Reply

Back to top button