Mukkam

കക്കാട് തൂക്കുപാലം യാഥാർഥ്യമായി: 1.25 കോടി രൂപ ചെലവ്; മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

മുക്കം: ചിരകാലാഭിലാഷം പൂവണിഞ്ഞു. കക്കാട് തൂക്കുപാലം ഉദ്ഘാടനം ഉത്സവമായി മാറി. കാരശ്ശേരി പഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിനെയും ബന്ധിപ്പിച്ച് ഇരുവ‍ഞ്ഞിപ്പുഴയുടെ കക്കാട് കടവിൽ 1.25 കോടി രൂപ ചെലവിൽ നിർമിച്ച തൂക്കുപാലം മന്ത്രി എം.വി.ഗോവിന്ദൻ ഗ്രാമത്തിന് സമർപ്പിച്ചു.

കക്കാട് ഭാഗത്തു നിന്നു തൂക്കുപാലത്തിലൂടെ ഉദ്ഘാടന വേദിയായ നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിലേക്ക് മന്ത്രി ഉൾപ്പെടെയുള്ള അതിഥികളെ സ്വീകരിച്ചാനയിച്ചു. കക്കാട്, മംഗലശ്ശേരി തോട്ടം, ചേന്നമംഗല്ലൂർ ഭാഗങ്ങളിലെ നിവാസികളുടെ ദീർഘ കാലത്തെ സ്വപ്നമാണ് യാഥാർഥ്യമായത്. 

മുൻ എംഎൽഎ ജോർജ് എം. തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.25 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. കാരശ്ശേരി, കക്കാട് ഭാഗത്തുള്ളവർക്ക് ചേന്നമംഗല്ലൂരുമായി ബന്ധപ്പെടാൻ ഇനി ചുറ്റി സഞ്ചരിക്കേണ്ട. രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഉടൻ പരിഹാരം കാണുമെന്നും അടുത്ത 4 വർഷത്തിനുള്ളിൽ അതിദാരിദ്ര്യത്തിനു പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. കുടുംബശ്രീകൾ മുഖേന തൊഴിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ജോർജ് എം. തോമസ് മുഖ്യാതിഥിയായി. 

മുക്കം നഗരസഭാധ്യക്ഷൻ പി.ടി.ബാബു, ഉപാധ്യക്ഷ കെ.പി.ചാന്ദിനി, സ്ഥിരം സമിതി അധ്യക്ഷരായ വി.കുഞ്ഞൻ, അബ്ദുൽ മജീദ്, നഗരസഭ കൗൺസിലർ ഫാത്തിമ കൊടപ്പന, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി.കുഞ്ഞാലി, സിപിഎം ഏരിയ സെക്രട്ടറി വി.കെ.വിനോദ്, ജി.അബ്ദു‍ൽ അക്ബർ, സംഘാടക സമിതി ജനറൽ കൺവീനർ ഇംതിയാസ്, കെ.ടി.ശ്രീധരൻ, ഷഫീഖ് മാടായി, കെ.മോഹനൻ, സി.കെ.സലീഷ്, ടി.കെ.സാമി, ജയ്സൺ കുന്നേക്കാടൻ, കെ.പി.അഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.തൂക്കുപാലം യാഥാർഥ്യമാക്കിയ കരാർ കമ്പനി അനാർക്ക് ബിൽഡേഴ്സിനെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. എൻജിനീയർ ടി.കെ.ലെയ്സിന് മന്ത്രി എം.വി.ഗോവിന്ദൻ ഉപഹാരം നൽകി.

Related Articles

Leave a Reply

Back to top button