Kerala

സംസ്ഥാനത്ത് നൂറ് ദിന പരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 10 വരെ നൂറുദിന കര്‍മപരിപാടി നടത്തു. സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പദ്ധതികള്‍ അടിയന്തര കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ആധുനിക ഖരമാലിന്യ സംസ്‌കരണരീതിക്ക് അതീവ ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഷരഹിത ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മാണവും ലക്ഷ്യം വയ്ക്കും. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള മാര്‍ഗരേഖ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നൂറ് ദിന കര്‍മ പരിപാടിക്കായുള്ള മറ്റ് പ്രഖ്യാപനങ്ങള്‍:

  • 2465 കോടിയുടെ പദ്ധതി പൊതുമരാമത്, കിഫ്ബി മുഖേന നടപ്പാക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കെ-ഡിസ്‌ക്കിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി നടപ്പാക്കും. 77350 തൊഴിലവസരങ്ങള്‍ 100 ദിവസത്തില്‍ സൃഷ്ടിക്കും. 945 കോടിയുടെ റോഡ് പദ്ധതികള്‍ നടപ്പാക്കും.
  • 1519 കോടിയുടെ പദ്ധതികള്‍ 100 ദിനത്തില്‍ പിഡബ്ല്യൂഡി പൂര്‍ത്തീകരിക്കും.
  • ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ വിത്തുകള്‍ ലഭ്യമാക്കും. 25 ലക്ഷം പഴവര്‍ഗ വിത്തുകള്‍ വിതരണം ചെയ്യും. കുട്ടനാട് ബ്രാന്റ് അരി ഉത്പ്പാദനം തുടങ്ങും. 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യും. ലൈഫ് മിഷനില്‍ 10000 വീടുകള്‍ പകര്‍ത്തീകരിക്കും. നിലാവ് പദ്ധതി 200 ഗ്രാമ പഞ്ചായത്തുകളില്‍ കൂടി എത്തിക്കും. 100 ടേക്ക് എ ബ്രേക്ക് കോംപ്ലക്‌സുകള്‍ സ്ഥാപിക്കും.
  • 90 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ കുട്ടികള്‍ക്ക് മൂന്നു മാസത്തെ ഭക്ഷണ ഭദ്രതാ അലവന്‍സ് കിറ്റുകളായി നല്‍കും. വായനയുടെ വസന്തം പദ്ധതി തുടങ്ങും. ചെല്ലാനത്ത് കടലാക്രമണം തടയാന്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കും. യുവ സംരംഭകര്‍ക്ക് 25 സഹകരണ സംഘങ്ങള്‍ ഒരുക്കും. സ്മാര്‍ട്ട് ഫോണിന് വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ പലിശരഹിത വായ്പ ആവിഷ്‌കരിക്കും. 303 പുനര്‍ഗേഹം ഫ്‌ലാറ്റുകള്‍ ഉദ്ഘാടനം ചെയ്യും.
  • 250 പഞ്ചായത്തുകളില്‍ മത്സ്യകൃഷി ആരംഭിക്കും. 100 എയ്ഡഡ് സ്‌കൂളുകളില്‍ സ്റ്റുഡന്റ് പൊലീസ് തുടങ്ങും. കുറിഞ്ഞുമല സാങ്ച്വറിയില്‍ 10000 കുറിഞ്ഞിത്തൈകള്‍ നടും. കുറിഞ്ഞിമല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ ഇ-ഓട്ടോ ഫീഡര്‍ സര്‍വീസ് തുടങ്ങും. കൊച്ചി പാലക്കാട് വാതക പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്യും. കൊവിഡ് ബാധിച്ച് മരണമടഞ്ഞ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ധനസഹായം വിതരണം ചെയ്യും. ഒക്ടോബര്‍ 2 നകം വില്ലേജ് ഓഫിസ് സേവനങ്ങള്‍ ഓണ്‍ലൈനാക്കും. ശബരിമല വിമാനത്താവളവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സ്‌പെഷ്യല്‍ ഓഫീസ് തിരുവനന്തപുരത്ത് തുറക്കും.വാക്‌സിന്‍ ചലഞ്ചിന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കും.

Related Articles

Leave a Reply

Back to top button