കെഎസ്ആർടിസി എന്ന് ഇനി കർണാടക ബസിൽ എഴുതില്ല; ആ പേര് കേരളത്തിന് സ്വന്തം

കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സർവീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാണിച്ച് 2014 ൽ കർണാടക നോട്ടിസ് അയച്ചിരുന്നു. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച്,ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.







