അതിവേഗത്തിൽ എത്തിയ കാർ നേരെ പുഴയിലേക്ക്; നാട്ടുകാർ യാത്രക്കാരെ ചാടിയെടുത്തു…

ബേപ്പൂർ ∙ നിയന്ത്രണം വിട്ടെത്തിയ കാർ ബേപ്പൂർ ജങ്കാർ ജെട്ടിക്കു സമീപം ചാലിയാറിൽ പതിച്ചു. കാറിലുണ്ടായിരുന്ന തിരൂരങ്ങാടി സ്വദേശികളായ ചരത്തിൻ ഫാറൂഖ്(35), വലിയപറമ്പിൽ ഇബ്രാഹിം(35)കക്കാട് വട്ടപ്പറമ്പിൽ ലത്തീഫ്(34)എന്നിവരെ നാട്ടുകാർ രക്ഷിച്ചു ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ജങ്കാർ ജെട്ടിക്കു സമീപം വൈകിട്ട് 6നാണ് അപകടം. അങ്ങാടിയിലൂടെ അതിവേഗത്തിൽ എത്തിയ കാർ ജെട്ടിക്കു സമീപത്തെ വളവിൽ നിന്നു നേരെ പുഴയിലേക്കു വീഴുകയായിരുന്നു.ഇതുകണ്ട നാട്ടുകാർ വെള്ളത്തിലേക്ക് ചാടി മൂവരെയും കരകയറ്റി. അഴിമുഖത്ത് ശക്തമായ ഒഴുക്കുള്ള ജെട്ടി പരിസരത്തെ കരിങ്കല്ലുകളിൽ ടയർ ഉടക്കി കാർ നിന്നതാണു യാത്രക്കാർക്കു രക്ഷയായത്.
മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ രാത്രി ക്രെയിൻ ഉപയോഗിച്ചു കാർ കരകയറ്റി. ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് കുമാർ, എസ്ഐ ഇ.കെ.ഷാജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസും മീഞ്ചന്തയിൽ നിന്ന് അഗ്നി രക്ഷാസേനയും എത്തിയിരുന്നു.







