കോടഞ്ചേരിയിൽ നിർമാണം നടക്കുന്ന റോഡിലൂടെ യാത്ര ദുഷ്കരം

കോടഞ്ചേരി∙ നിർമാണം നടക്കുന്ന കണ്ണോത്ത്-കോടഞ്ചേരി-മുറമ്പാത്തി റോഡിലും കോടഞ്ചേരി-പുലിക്കയം റോഡിലും മഴയിൽ ചെളി നിറഞ്ഞതോടെ യാത്ര ദുഷ്കരമായി. നിർമാണം നടക്കുന്ന കൈതപ്പൊയിൽ- അഗസ്ത്യൻമുഴി റോഡിൽ കണ്ണോത്ത് പള്ളി കയറ്റത്തിലും കോടഞ്ചേരി-അമ്പാട്ട്പടി റോഡും കോടഞ്ചേരി-മുറമ്പാത്തി റോഡുമാണ് മഴ പെയ്തതോടെ ചെളിക്കുളമായി മാറിയത്. ഇതുവഴി വരുന്ന ഒട്ടേറെ വാഹനങ്ങൾ ചെളിയിൽ തെന്നി അപകടത്തിൽപ്പെട്ടു.
കോടഞ്ചേരി മുസ്‌ലിം പള്ളിക്ക് സമീപം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തി. മണ്ണുമാന്തി കൊണ്ട് വന്നാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. കോടഞ്ചേരി-മുറമ്പാത്തി റോഡിൽ കോടഞ്ചേരി ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി പുതിയേടത്ത്പടിയിൽ വളവോട് കൂടിയ ഇറക്കത്തിൽ അപകട സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് അപകട സൂചന ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമാണം നടക്കുന്ന കോടഞ്ചേരി-തുഷാരഗിരി സംസ്ഥാനപാതയിൽ കോടഞ്ചേരി ടൗൺ മുതൽ പുലിക്കയം വരെയുള്ള ഭാഗങ്ങളിലാണ് ചെളിയിൽ വാഹനങ്ങൾ തെന്നി അപകടത്തിൽപ്പെടുന്നത്. കോടഞ്ചേരി ടൗണിനോട് ചേർന്ന് കോൺവെന്റ് കയറ്റത്തിലാണ് ഒട്ടേറെ വാഹനങ്ങൾ ചെളിയിൽ പുതഞ്ഞത്.
ഇന്നലെ അവധി ദിനം ആയിരുന്നതിനാൽ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം കാണാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങളുടെ വൻ തിരക്കായിരുന്നു. ഉച്ചകഴിഞ്ഞാണു മഴ പെയ്തത്. തുഷാരഗിരിയിൽ നിന്ന് മടങ്ങുന്ന എല്ലാ വാഹനങ്ങൾക്കും മഴയിൽ ചെളി നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുരിതമായി. അവധി ദിനമായതിനാൽ റോഡിൽ നിർമാണ പ്രവൃത്തി ഉണ്ടായിരുന്നില്ല. വാഹനം നിയന്ത്രിക്കുന്നതിന് ആരുമുണ്ടായിരുന്നില്ല.







