Mukkam
ഉയർന്നൂ, പ്രതീക്ഷയുടെ പെട്ടിക്കട

മുക്കം : ഭിന്നശേഷി വിദ്യാർഥികളുടെ തൊഴിൽപരിശീലനകേന്ദ്രത്തിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ ആരംഭിച്ച ‘പ്രതീക്ഷയുടെ പെട്ടിക്കട’ ശ്രദ്ധേയമാകുന്നു.
മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ‘ഉപജീവനം’ പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് കൈത്താങ്ങാവാൻ സ്കൂളിനോടുചേർന്ന് സംസ്ഥാനപാതയോരത്ത് പെട്ടിക്കടയാരംഭിച്ചത്. ലിന്റോ ജോസഫ് എംഎൽഎ പെട്ടിക്കട ഉദ്ഘാടനംചെയ്തു.
പ്രധാനാധ്യാപിക കെ. ഷീബ അധ്യക്ഷയായി. പിആർഒ ടി. പ്രഭാകരന്റെ നേതൃത്വത്തിൽനടക്കുന്ന ഉപജീവനം പദ്ധതിയുടെ ഭാഗമായി നേരത്തേ തിരഞ്ഞെടുത്ത മുപ്പതോളം കുട്ടികൾക്ക് കോഴിയും കൂടും, ആട് എന്നിവ നൽകിയിരുന്നു. സ്കൂൾകമ്മിറ്റി സെക്രട്ടറി പി.പി. പ്രദീപ്‌കുമാർ, മാനേജർ സി. ഹാരിസ്, പിടിഎ പ്രസിഡന്റ് അസീസ് മലയമ്മ, തൊഴിൽപരിശീലകരായ കെ.സി. ഉഷ, കെ. അനിത, കെ. രജി, സി. പുഷ്പവല്ലി എന്നിവർ സംസാരിച്ചു.







