എസ്.എം.എ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കൈകോർത്ത് ആനക്കാംപൊയിൽ ഫേമസ് ബേക്കറി; ‘സ്നേഹമധുരം’ പരിപാടി നാളെ

ആനക്കാംപൊയിൽ: അത്യപൂർവ്വ ജനിതക രോഗമായ എസ്.എം.എ (SMA – Spinal Muscular Atrophy) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കാളികളായി ആനക്കാംപൊയിൽ ഫേമസ് ബേക്കറി. കുഞ്ഞുങ്ങളുടെ ചികിത്സാ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിനായി ‘സ്നേഹമധുരം’ എന്ന പേരിൽ പ്രത്യേക സഹായ പദ്ധതി സംഘടിപ്പിക്കുന്നു.
നവംബർ 7 ശനിയാഴ്ച നടക്കുന്ന ‘സ്നേഹമധുരം’ പരിപാടിയുടെ ഭാഗമായി അന്നത്തെ ദിവസത്തെ മുഴുവൻ കച്ചവട ലാഭവും സ്ഥാപനത്തിലെ ജീവനക്കാരുടെ അന്നത്തെ വേതനവും ഈ കുഞ്ഞുങ്ങളുടെ ചികിത്സാ നിധിയിലേക്ക് കൈമാറുമെന്ന് ബേക്കറി ഉടമകളും ജീവനക്കാരും അറിയിച്ചു.
കൂടാതെ അന്നേ ദിവസം വൈകുന്നേരം 4:30 മുതൽ സ്ഥാപനത്തിൽ സൗജന്യ ചായ സൽക്കാരവും ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായുള്ള ഈ കാരുണ്യപ്രവർത്തനത്തിൽ എല്ലാ നാട്ടുകാരും പങ്കാളികളാകണമെന്നും ആനക്കാംപൊയിൽ ഫേമസ് ബേക്കറിയുമായി സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.







