Local

അര്‍ഹതയുള്ള പണം പോലും സംസ്ഥാനത്തിന് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അര്‍ഹതയുള്ള പണം പോലും സംസ്ഥാനത്തിന് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കാരണം കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് പല സംസ്ഥാനങ്ങള്‍ക്കും പണം അനുവദിച്ചിട്ടും കേരളത്തെ മാത്രം മാറ്റി നിര്‍ത്തുന്നതിന്റെ കാരണം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് തവണ പ്രളയത്തെ അതിജീവിച്ച കേരളത്തിന് പ്രളയസഹായം പോലും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും, പ്രളയാനന്തര സാഹായ വാഗ്ദാനങ്ങള്‍ പോലും കേന്ദ്രം ഇടപെട്ട് മുടക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കടമെടുപ്പ് പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തൊഴിലുറപ്പ് കൂലി പോലും കേന്ദ്രം നല്‍കുന്നില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നതെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.

കൂടാതെ, രാജ്യമൊട്ടാകെയുള്ള സാമ്പത്തിക പ്രതിസന്ധി കേരളത്തേയും ദോഷകരമായി ബാധിക്കുകയാണ്. സംസ്ഥാനത്തും അതിന്റെ പ്രയാസങ്ങള്‍ ഉണ്ട്. കേന്ദ്ര നയം ഇതാണെങ്കില്‍ പ്രതിസന്ധി ഇനിയും കൂടാനാണ് സാധ്യതയെന്നും പിണറായി വിജയന്‍ കാസര്‍കോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button