ബൈക്ക് മോഷ്ടാവിനെ കോടഞ്ചേരിയിൽ നിന്നും പിടികൂടി

കോടഞ്ചേരി : കോടഞ്ചേരിയിൽ നിന്നും ബൈക്ക് മോഷ്ടാവിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി കോടഞ്ചേരിയിലെ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും പ്രദേശവാസിയായ യുവാവും. ഇന്നലെ കോടഞ്ചേരിയിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കിൽ നിന്നും പെട്രോൾ ഊറ്റുന്നത് കണ്ട ബൈക്കിന്റെ ഉടമസ്ഥനായ യുവാവ് ഇത് ചോദ്യം ചെയ്തപ്പോൾ, പെട്രോൾ എടുക്കുവാ പൈസ വേണേൽ തരാം എന്ന മറുപടിയാണ് ലഭിച്ചത്.
ഈ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് അടുത്തുള്ള സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാർ ഇയാളെ നിരീക്ഷിച്ചപ്പോൾ ഇദ്ദേഹം ഓടിച്ചുകൊണ്ടുവന്ന ബൈക്കിൽ മുൻപിലും പിറകിലും വെവ്വേറെ നമ്പറുകളാണ് എന്ന് കണ്ടു. ഇതിൽ സംശയം തോന്നിയ ബാങ്ക് ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചത് അനുസരിച്ച് കോടഞ്ചേരി പോലീസ് ഉടനെ സ്ഥലത്ത് എത്തുകയും ഇയാൾ ഓടിച്ച ബൈക്ക് എൻജിൻ നമ്പർ മോഷണം പോയതായി റിപ്പോർട്ട് ചെയ്ത ബൈക്ക് ആണെന്ന് കണ്ടെത്തുകയായിരുന്നു.
ഇയാളെ ബന്ധപ്പെട്ട പോലീസിന് സ്റ്റേഷനിൽ കൈമാറിയതായി അറിയുന്നു.പ്രദേശ വാസിയായ യുവാവിനും, സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാർക്കും തോന്നിയ സംശയം ബൈക്ക് മോഷ്ടാവിനെ വാഹനമടക്കം പിടികൂടാൻ സഹായിച്ചതിന്റെ സന്തോഷത്തിലാണിവർ.







