Thiruvambady

ഹൈവേ ഇല്ലെങ്കിൽ റോഡെങ്കിലും…

തിരുവമ്പാടി∙ മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം നീട്ടിവച്ചു. വീണ്ടും നിരാശ. ഈ റോഡിന്റെ ഭാഗമായുള്ള പ്രദേശങ്ങൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. 18ന് മുഖ്യമന്ത്രി പിണറായി വിജയൻ മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം ചെയ്യുമെന്നറിഞ്ഞ് ജനങ്ങൾ ആഹ്ലാദത്തിലായിരുന്നു. എന്നാൽ സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ പരിപാടി നീട്ടിവയ്ക്കുകയായിരുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള 34 കിലോമീറ്റർ റോഡ് നവീകരിക്കാൻ 161.8 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടക്കേണ്ടത് ഡിസംബറിലായിരുന്നു.

എന്നാൽ, ഒരാൾ മാത്രമാണ് ടെൻഡർ സമർപ്പിച്ചത്. ഇതു കാരണം ജനുവരി 6ലേക്കു ടെൻഡർ നടപടികൾ മാറ്റി. അപ്പോഴും ഒരാൾ മാത്രമാണ് പങ്കെടുത്തത്. അതിനാൽ നടപടി ക്രമങ്ങൾ നിർത്തിവച്ചു. ഇനി റീടെൻഡർ ചെയ്യണം. അപ്പോഴും ഒരാൾ മാത്രമാണ് ടെൻഡർ വയ്ക്കുന്നതെങ്കിൽ കരാർ ഉറപ്പിക്കാൻ കഴിയും. എന്നാൽ കരാർ വച്ച് സെക്യൂരിറ്റി തുക അടച്ച് പ്രവ‍ൃത്തി തുടങ്ങാൻ വീണ്ടും വൈകും. 12 മീറ്റർ വീതിയിൽ നവീകരിക്കുന്ന മലയോര ഹൈവേയിൽ പലയിടത്തും ഇപ്പോൾ 8–10 മീറ്റർ വരെ വീതി ഉണ്ട്.

എന്നാൽ മേലെ കൂമ്പാറ മുതൽ കക്കാടംപൊയിൽ വരെയുള്ള 6 കി.മീ. പുതിയ റോഡ് തന്നെ നിർമിക്കണം. ഇതിന് കാലതാമസം വരും. മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡ് പുല്ലൂരാംപാറ – പൊന്നാങ്കയം –പുന്നക്കൽ വരെ പൂർണമായി തകർന്ന നിലയിലാണ്. ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്താൻ അനുവദിച്ച 10 ലക്ഷം രൂപ യഥാസമയം നടപടി ക്രമങ്ങൾ പൂർത്തിയാകാതെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. റോഡിന്റെ അറ്റകുറ്റപ്പണികളുടെ റിപ്പോർട്ട് എക്സി. എൻജിനീയർക്കു സമർപ്പിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ മാസങ്ങളോളം ഫയൽ പിടിച്ചുവച്ചു.

ടെൻഡർ നടപടിയിലേക്ക് കടന്നപ്പോൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആയി. ടെൻഡർ നടപടികൾ ആയപ്പോൾ ഒരാൾ മാത്രമാണ് പങ്കെടുത്തത്. പദ്ധതി റീടെൻഡർ ചെയ്ത് പാസാക്കേണ്ടതു സൂപ്രണ്ടിങ് എൻജിനീയർ ആയിരുന്നു. എന്നാൽ 6 മാസം ഈ ഫയൽ ഒന്നും ചെയ്യാതെ അദ്ദേഹത്തിന്റെ ഓഫിസിൽ കിടന്നു. പിന്നീട് ഇത് പാസാക്കി ടെൻഡർ വച്ച നെല്ലിക്കാപറമ്പിലുള്ള ഒരു സൊസൈറ്റിക്ക് ടെൻഡർ അനുവദിച്ചു. സിലക്‌ഷൻ വിവരം അറിയിക്കേണ്ട എക്സിക്യൂട്ടീവ് എൻജിനീയർ ആ വിവരം സൊസൈറ്റിയെ അറിയിച്ചില്ല.

ടെൻഡറിന്റെ 3 മാസ കാലാവധി അപ്പോഴേക്കും അവസാനിക്കുകയും ചെയ്തു. പഴയ തുകയ്ക്ക് പ്രവൃത്തി ഏറ്റെടുക്കാൻ സൊസൈറ്റി ഇനി തയാറാകുകയും ഇല്ല. സമയബന്ധിതമായി പ്രവ‍ൃത്തി നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഉണ്ടായ അനാസ്ഥയാണ്. ഇതിനാൽ റോഡിൽ കുഴി അടയ്ക്കൽ പോലും ഇല്ലാത്ത അവസ്ഥ ആയി.

ജനങ്ങളോടുള്ള വെല്ലുവിളി

“പുല്ലൂരാംപാറ – പുന്നക്കൽ റോഡ് തകർന്നത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ആദ്യം അധികൃതർ പറഞ്ഞത് 10 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി ഉടൻ തുടങ്ങും എന്നാണ്. പിന്നീട് പറഞ്ഞത് മലയോര ഹൈവേയുടെ ഭാഗമായതിനാൽ മറ്റ് ഫണ്ടുകൾ മുടക്കാൻ പറ്റില്ലെന്നായിരുന്നു. എന്നാൽ മലയോര ഹൈവേ പ്രവ‍ൃത്തി പൂർത്തിയാകുന്നതിന് ഇനിയും ഏറെ വർഷങ്ങൾ വേണ്ടിവരും എന്നതിനാൽ അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ ശ്രമിക്കണം. മലയോര ഹൈവേ വരുന്നതുവരെ തകർന്ന റോഡിലൂടെ ആളുകൾ യാത്ര ചെയ്യണമെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ കാര്യത്തിൽ തെറ്റു തിരുത്തുന്നതിന് എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും തയാറാകണം.” –ടി.ജെ.കുര്യാച്ചൻ, തിരുവമ്പാടി പഞ്ചായത്ത് അംഗം.

ടെൻഡർ നടപടി വൈകി

“പുല്ലൂരാംപാറ – പൊന്നാങ്കയം – പുന്നക്കൽ റോഡിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താൻ പറ്റാത്തത് ടെൻഡർ നടപടികൾ വൈകിയതിനാലാണ്. ഒരാൾ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് വന്നതിനാൽ നടപടിക്രമങ്ങൾ മുന്നോട്ടു പോയില്ല. ഇതിന്റെ തുടർനടപടികൾ സ്വീകരിക്കാൻ ശ്രമിക്കും. തിരുവമ്പാടി ഓഫിസിൽ പുതിയതായി ചാർജ് എടുത്തതിനാൽ കാര്യങ്ങൾ പഠിച്ചു വരുന്നതേ ഉള്ളൂ.” –എൻ.ആദർശ്, പിഡബ്ല്യുഡി എഇ തിരുവമ്പാടി സെക്‌ഷൻ ഓഫിസ്.

FROM ONMANORAMA…

Read more at: https://www.manoramaonline.com/district-news/kozhikode/2020/01/10/kozhikode-thiruvambady-highway-road.html

Related Articles

Leave a Reply

Back to top button