കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പൂർത്തീകരണം; ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോടഞ്ചേരി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് പൂർത്തീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രവൃത്തി കാലാവധിക്കുള്ളിൽ പൂർത്തിയാക്കുന്നതിന് കരാറുകാരുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും റോഡിന്റെ നിർമ്മാണ പ്രവർത്തിയെക്കുറിച്ച് തിരുവമ്പാടി എം എൽ എ, വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, പൊതുജങ്ങൾ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരുടെ നിരവധി പരാതികൾ ഇതിനകം തന്നെ പി ഡബ്ല്യു ഡി വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി റോഡിന്റെ വിവിധഭാഗങ്ങളിൽ ഇന്ന് പരിശോധന നടത്തുകയും കരാറുകാരനെ വിളിപ്പിക്കുകയും പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ടവരും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുക സമയബന്ധിതമായി ലഭിക്കാത്തതിനാലാണ് പ്രവർത്തിയുടെ താളം തെറ്റുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും ബില്ലുകൾ കൈമാറി തുക ലഭ്യമാകുന്ന അവസരത്തിൽ എത്രയും വേഗം പ്രവർത്തി പൂർത്തിയാക്കുമെന്നും പദ്ധതി കാരാറുകാരായ നാഥ് കൺസ്ട്രക്ഷൻസ് അധികൃതർ വ്യക്തമാക്കി.







