ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത;സര്‍വേ നടപടികൾക്ക് തുടക്കം കുറിച്ചു.

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ മുരളിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് സ്ഥലത്തെത്തിയത്.
പദ്ധതിയുടെ സര്‍വേ പ്രവര്‍ത്തനങ്ങളടക്കമുള്ള പഠനങ്ങള്‍ നടത്താനായി ക്യുമാക്സ് എന്ന കണ്‍സള്‍ട്ടന്‍സിയെയാണ് കെ ആര് സി എല്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫീൽഡ് ഇൻവെസ്റ്റിഗേഷൻ, ട്രാഫിക് സ്റ്റഡി എന്നിവയാണ് ആദ്യഘട്ടത്തിൽ നടക്കുക. ആവശ്യമെങ്കിൽ ആകാശസർവേയും നടത്തും. രണ്ട് മാസം പ്രദേശത്ത് താമസിച്ചാണ് ഉദ്യോഗസ്ഥർ സർവേ നടപടികൾ പൂർത്തിയാക്കുക. തിങ്കളാഴ്ച കോഴിക്കോട് എത്തിയ സംഘം ചൊവ്വാഴ്ച ഉച്ചയോടെ തിരുവമ്പാടിയില്‍ നിന്ന് തിരിച്ച് ആനക്കാംപൊയില്‍, മറിപ്പുഴ, സ്വര്‍ഗംകുന്ന് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
പി ഡബ്ല്യു ഡി എക്സിക്യൂട്ടിവ് എൻജിനിയർ(റോഡ്സ്) കെ വിനയരാജ്, ജോർജ് എം തോമസ് എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, വാർഡംഗങ്ങളായ വിൽസൺ താഴത്തുപറമ്പിൽ, ടോമി കൊന്നക്കൽ, മുൻ അംഗങ്ങളായ കെ ഡി ആന്റണി, ബാബു കളത്തൂർ, പി ഡബ്ല്യു ഡി അസി. എൻജിനിയർ എൻ ആദർശ് തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടിയുടെ എസ്റ്റിമേറ്റിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ആനക്കാംപൊയിലിന് സമീപത്തെ സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുവരി പാതയടങ്ങുന്ന തുരങ്കമാണ് നിര്‍മ്മിക്കുന്നത്. കൂടാതെ തുരങ്കത്തെ ബന്ധിപ്പിച്ച് രണ്ട് വരി സമീപന റോഡും കുണ്ടന്‍തോടില്‍ 70 മീറ്റര്‍ നീളത്തില്‍ രണ്ടുവരി പാലവും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.







