Kerala

ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം: പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം രാജ്യത്തെ തന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറിയെന്ന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല സൗകര്യമുള്ള സ്‌കൂളുകളിൽ പഠിക്കുക എന്നത് ചില ഭാഗ്യവാന്മാർക്ക് മാത്രം പറ്റുന്നുവെന്ന കാര്യമെന്ന നിലയിൽ നിന്നും പാവപ്പെട്ടവനും സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകൾ പോലും ലോകത്തിലെ ഏറ്റവും സൗകര്യമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്ന തരത്തിലേക്ക് മാറി വരുന്നത് ഇതിന്റെ ഭാഗമാണ്. ഒരു നാടിന് തന്നെയാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾക്കായി 3,74,270 ഹൈടെക് ഉപകരണങ്ങൾ നൽകി കഴിഞ്ഞു. എട്ട് മുതൽ പ്ലസ്ടുവരെ 45,000 ഹൈടെക് ക്ലാസ് മുറികളും സാധ്യമായി. നേട്ടങ്ങളെല്ലാം ഞങ്ങൾക്ക് മാത്രമാണുള്ളത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ചിലത് മറ്റുള്ളവരും ചെയ്തിട്ടുണ്ടാവാം. അത് പൂർത്തിയാക്കാൻ ഈ സർക്കാരിനും കഴിഞ്ഞു. ഇത് നാടിന്റെ നേട്ടമായി കാണണം. നേടിയ നേട്ടങ്ങൾ മറച്ച് വെക്കാൻ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ യജ്ഞത്തിൽ നാടിന്റെ പങ്കാളിത്തം ഉണ്ടാവുകയെന്നതാണ് സർക്കാർ ഉറപ്പാക്കിയത്. അങ്ങനെയാണ് മിഷന്റെ യഥാർഥ നേതൃത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയത്. അതിലൂടെ അടച്ചൂപൂട്ടപ്പെട്ട സ്‌കൂളുകൾ വീണ്ടും ഉയർന്ന് വന്നു. മറ്റ് സ്‌കൂളുകൾ പോലെ സർക്കാർ സ്‌കൂളും മാറി. കേരളത്തിലെ പൊതു വിദ്യാഭ്യാസം നേരത്തെ തന്നെ ശക്തിപ്പെട്ടത് രാജ്യവും ലോകവും അംഗീകരിച്ചതാണ്. ലോകത്തെ ഏറ്റവും മികവുറ്റ സ്‌കൂളിന്റെ സൗകര്യം കേരളത്തിലുണ്ടായി. ഇത് അക്കാദമിക തലത്തിലടക്കം വലിയ മാറ്റമുണ്ടാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

1.19 ലക്ഷം ലാപ്‌ടോപ്പുകളും 69,944 പ്രൊജക്ടറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മൊത്തമായി വാങ്ങിയതോടെ നിരക്ക് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞു. ഉപകരണങ്ങൾക്കെല്ലാം അഞ്ച് വർഷത്തെ വാറണ്ടി ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി 4752 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ എട്ടുമുതൽ 12 വരെയുള്ള 45,000 ക്ലാസ്മുറികൾ ഹൈടെക് ആയി. 11,275 എൽപി, യുപി സ്‌കൂളിൽ ഹൈടെക് ലാബുകൾ ഒരുക്കി. 12678 സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഏർപ്പെടുത്തി.

Related Articles

Leave a Reply

Back to top button