Thiruvambady

അനധികൃത പെട്ടിക്കടകൾക്കെതിരേ; നടപടി ആവശ്യപ്പെട്ട് പോലീസ്

തിരുവമ്പാടി : നഗരഹൃദയത്തിലെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലയ്ക്ക് പരിസരത്തായി ആറ്് അനധികൃത പെട്ടിക്കടകൾ. ഇവ ക്രമസമാധാനത്തിന് ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിട്ട് ഒന്നരമാസമായിട്ടും നടപടി എങ്ങുമെത്തിയില്ല.

കഴിഞ്ഞ ഡിസംബർ 17-നാണ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇതുസംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. പെട്ടിക്കടകളിൽ മദ്യപാനം നടക്കുന്നുണ്ട്. ഇതിന് സമീപത്തായി സ്കൂളുകൾ, ബാങ്കുകൾ, മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ, കെ.എസ്.ആർ.ടി.സി. ബസ് ഗ്യാരേജ്, ധനകാര്യസ്ഥാപനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നു. ഇക്കാര്യം പരിഗണിച്ച് അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഇത്തരം പെട്ടിക്കടകൾ നീക്കം ചെയ്യാനുളള നടപടികൾ സ്വീകരിക്കണമെന്ന് നോട്ടീസിൽ പറയുന്നു.

ഭാരത് ഗ്യാസ് ഗോഡൗണും അനുരാഗ് ഓഡിറ്റോറിയവും ഇതിന് തൊട്ടടുത്താണ്. ഒട്ടേറെ വീടുകളും സമീപത്തായി സ്ഥിതിചെയ്യുന്നുണ്ട്. മദ്യപാനികളുടെ സ്വൈരവിഹാരംകൊണ്ട് പൊറുതിമുട്ടിയതായി നാട്ടുകാർ പറയുന്നു. കഞ്ചാവ്, മയക്കുമരുന്ന് ലോബികളുടെയും പ്രധാനതാവളവും ഇതിന് പരിസരത്തായാണ്. വൻക്രമസമാധാനപ്രശ്നമാണ് ഇതുമൂലമെന്ന് പോലീസ് പറയുന്നു.

മദ്യപർ തമ്മിലുള്ള വാക്കേറ്റവും അടിപിടിയും പതിവാണ്. മദ്യക്കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയുന്നതും പ്രശ്‌നം സങ്കീർണമാക്കുന്നു. പരിസരമാകെ കുപ്പിച്ചില്ലുകൾ പൊട്ടിച്ചിതറി കിടക്കുകയാണ്. ഇത് കാലിൽ തറച്ചു പരിക്കേൽക്കുന്ന പ്രശ്‌നവുമുണ്ട്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബിവറേജസ് കെട്ടിടവും പെട്ടിക്കടകളും പ്രവർത്തിക്കുന്നത്. വാടക ഈടാക്കിയാണ് പെട്ടിക്കടകളുടെ പ്രവർത്തനം.

78-റീസർവേയിൽപെട്ട ഈ ഭൂമിയിൽ അനധികൃത തരംമാറ്റം നടത്തിയതിനെതിരായ പരാതിയിൽ താമരശ്ശേരി തഹസിൽദാർ ഇയിടെ അന്വേഷണം നടത്തിയെങ്കിലും നടപടിയുണ്ടായില്ല. നീർത്തടങ്ങളായിരുന്ന പ്രദേശത്തെ മണ്ണെടുത്തുമാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കാൻ സബ് കളക്ടർ താമരശ്ശേരി തഹസിൽദാർക്ക് നിർദേശം നൽകിയിട്ട് രണ്ടുവർഷമായിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ വാർത്തയെത്തുടർന്നാണ് ഈയിടെ തഹസിൽദാർ സ്ഥലം പരിശോധിച്ചത്.

പുതിയ ബസ്‌സ്‌റ്റാൻഡിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ധാരണയാണ് അനധികൃത പെട്ടിക്കടകൾക്കെതിരായ നടപടികൾ കൈകൊള്ളുന്നതിൽ പഞ്ചായത്തിനെ പിന്തിരിപ്പിക്കുന്നതെന്നറിയുന്നു. അതേസമയം പെട്ടിക്കടകൾക്കെതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button