ഡൽഹിക്ക് കൂട്ടത്തകർച്ച; സ്റ്റോയിനിസിന്റെ ഒറ്റയാൾ പോര് പാഴായി: കൂറ്റൻ ജയത്തോടെ മുംബൈ ഫൈനലിൽ

ഐപിഎൽ സീസണിലെ ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ ജയം. 57 റൺസിന് ഡൽഹിയെ കീഴടക്കിയ മുംബൈ ഇതോടെ ഫൈനൽ പ്രവേശനം നേടുകയും ചെയ്തു. മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടാനേ സാധിച്ചുള്ളൂ. 65 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസ് ആണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. അക്സർ പട്ടേൽ 42 റൺസെടുത്തു. മറ്റാർക്കും ഡൽഹി നിരയിൽ തിളങ്ങാനായില്ല. അക്കൗണ്ട് തുറക്കും മുൻപ് തന്നെ ഡൽഹിക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു.
മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം കണ്ട് പേടിച്ചതു പോലെയായിരുന്നു ഡൽഹിയുടെ ബാറ്റിംഗ്. ഡൽഹിയുടെ ആദ്യ മൂന്ന് താരങ്ങളും റൺ ഒന്നും എടുക്കാതെയാണ് പുറത്തായത്. ആദ്യ ഓവറിൽ ട്രെൻ്റ് ബോൾട്ട് പൃഥ്വി ഷായെയും അജിങ്ക്യ രഹാനെയെയും മടക്കി അയച്ചു. പൃഥ്വിയെ ഡികോക്ക് പിടികൂടിയപ്പോൾ രഹാനെ വിക്കറ്റിനു മുന്നിൽ കുരുങ്ങി. അടുത്ത ഓവറിൽ ബുംറ ധവാനെയും പുറത്താക്കി. ധവാൻ ക്ലീൻ ബൗൾഡാവുകയായിരുന്നു. നാലാം ഓവറിൽ ശ്രേയാസ് അയ്യരും (12) പുറത്ത്. അയ്യരെ ബുംറ രോഹിതിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഋഷഭ് പന്ത് (3) കൃണാൽ പാണ്ഡ്യയുടെ പന്തിൽ സൂര്യകുമാർ യാദവിൻ്റെ കൈകളിൽ അവസാനിച്ചു.
8ആം ഓവറിൽ 41/5 എന്ന നിലയിലാണ് അക്സർ പട്ടേൽ-മാർക്കസ് സ്റ്റോയിനിസ് സഖ്യം ക്രീസിൽ ഒത്തുചേർന്നത്. അഞ്ചാം നമ്പറിലെത്തിയ സ്റ്റോയിനിസ് ചില മികച്ച ഷോട്ടുകൾ കളിച്ച് മുന്നേറുന്നതിനിടെയാണ് അക്സർ എത്തുന്നത്. സ്റ്റോയിനിസിന് മികച്ച പിന്തുണ നൽകിയ അക്സർ മെല്ലെ ചില കൂറ്റൻ ഷോട്ടുകൾ കളിച്ച് സാവധാനം സ്കോറിംഗിൽ പങ്കാവാൻ തുടങ്ങി. ഇതിനിടെ 36 പന്തുകളിൽ സ്റ്റോയിനിസ് ഫിഫ്റ്റി തികച്ചു.
കൂട്ടുകെട്ട് അപകടകരമായി മുന്നേറവെ 16ആം ഓവറിൽ ബുംറ രണ്ടാം സ്പെല്ലിനെത്തി. ഓവറിലെ ആദ്യ പന്തിൽ തന്നെ സ്റ്റോയിനിസിൻ്റെ കുറ്റി പിഴുത് ബുംറ മുംബൈ ഇന്ത്യൻസിന് വീണ്ടും മേൽക്കൈ നൽകി. 46 പന്തുകളിൽ നിന്ന് 65 റൺസെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. ആറാം വിക്കറ്റിൽ അക്സർ പട്ടേലുമൊത്ത് 71 റൺസിൻ്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായിരുന്നു. ആ ഓവറിൽ തന്നെ ഡാനിയൽ സാംസും (0) പുറത്തായി. സാംസിനെ ഡികോക്ക് പിടികൂടി. ചില മികച്ച ഷോട്ടുകൾ കളിച്ച അക്സർ പട്ടേൽ (42) കീറോൺ പൊള്ളാർ എറിഞ്ഞ അവസാന ഓവറിൽ രാഹുൽ ചഹാറിൻ്റെ കൈകളിൽ അവസാനിച്ചു. കഗീസോ റബാഡ (155) പുറത്താവാതെ നിന്നു.





