Kerala

പെര്‍മിറ്റ് വേണ്ട, ഇനി ഏതു റൂട്ടിലും സ്വകാര്യ ബസുകൾ ഓടിക്കാം!

സ്വകാര്യ ബസുകൾക്ക് നിലവിലെ പെര്‍മിറ്റ് വ്യവസ്ഥകള്‍ ഇല്ലാതെ ഇനി ഏത് റൂട്ടിലും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാം. വൻകിട സ്വകാര്യബസ് കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാൻ അനുമതിനൽകി ഉത്തരവിറക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഓൺലൈൻ ടാക്‌സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണ് പുതിയ നീക്കവും നടക്കുന്നത്. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരിനും ഉത്തരവിറക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചെതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യബസുകൾ നിയമവിധേയമാക്കുന്ന ഓൺലൈൻ അഗ്രഗേറ്റർ പോളിസിയുടെ ഭാഗമായാണ് കേന്ദ്രത്തിന്‍റെ പുതിയ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓൺലൈനിൽ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ അഗ്രഗേറ്റർ ലൈസൻസുള്ളവർക്ക് ഓൺലൈൻ ടിക്കറ്റ് നൽകി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം കിട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിൽ ഒരു സ്ഥലത്തുനിന്നു യാത്രക്കാരെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള കോൺട്രാക്ട് കാര്യേജ് പെർമിറ്റാണ് സ്വകാര്യ ബസുകൾക്ക് നൽകുന്നത്. ഈ പെര്‍മിറ്റ് അനുസരിച്ച് റൂട്ട്, സമയം, പെർമിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസർക്കാരാണ് നിശ്ചയിക്കുന്നത്. എന്നാൽ പുതിയ ഭേദഗതി നടപ്പിലായാല്‍ കോൺട്രാക്റ്റ് ക്യാരേജ് ബസുകൾക്ക് അവർ നിശ്ചയിക്കുന്ന റോഡുകളിലൂടെ ഏത് സമയത്തും ഓടാനാകും.പുതിയ നിയമം നിലവില്‍ വന്നാല്‍ ഏതു നേരത്തും ഏത് റൂട്ടിൽ വേണമെങ്കിലും ബസ് ഓടിക്കാൻ കഴിയും .

നിലവിലെ അന്തര്‍സംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിങ്‌ സംവിധാനങ്ങളും മൊബൈൽ ആപ്പും നിയമവിധേയമാകും. ഡ്രൈവർമാർക്കും ജീവനക്കാർക്കും യോഗ്യതയും നിഷ്‌കർഷിച്ചു. ഇവർക്ക് പരിശീലന ക്ലാസുകളും ആരോഗ്യ പരിശോധനയും ഇൻഷുറൻസും നിർബന്ധമാണ്. ജീവനക്കാരുടെ സേവനങ്ങൾ വിലയിരുത്താന്‍ യാത്രികര്‍ക്കും അവസരം നല്‍കുന്നതാണ് പുതിയ നിയമം എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ ഏത് റൂട്ടിലും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും.

അഞ്ചുവർഷത്തേക്ക്‌ അഞ്ചുലക്ഷം രൂപയാണ് ലൈസൻസ് ഫീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികൾ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണനിയമപ്രകാരം രജിസ്ട്രർചെയ്ത സ്ഥാപനങ്ങൾക്കും ലൈസൻസിന് അപേക്ഷിക്കാം. സംസ്ഥാന സർക്കാരുകളോ അവർ ചുമതലപ്പെടുത്തുന്ന ഏജൻസികളോ ആണ് ലൈസൻസ് നൽകേണ്ടത്. സംസ്ഥാന സർക്കാർ അനുവദിച്ചാൽ യാത്രക്കാരെ കൊണ്ടുപോകാൻ സ്വകാര്യവാഹനങ്ങളും ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Leave a Reply

Back to top button