വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളുടെയും പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവ്

വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളും താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് പഞ്ചായത്ത്. എല്ലാ റിസോർട്ടുകൾക്കും സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത് ഉത്തരവായി. ഈ ഉത്തരവ് പഞ്ചായത്തിലെ ഹോം സ്റ്റേകൾക്കും ബാധകമായിരിക്കും. എല്ലാ ഹോംസ്റ്റേകളുടെയും റിസോർട്ടുകളുടെയും ലൈസൻസുകളും പരിശോധിക്കും. ലൈസൻസുള്ളവയ്ക്ക് മാത്രമേ പിന്നീട് പ്രവർത്തനാനുമതിയുണ്ടാകൂ. അല്ലാത്തവയെല്ലാം പൂട്ടാൻ നിർദേശിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ഇത് പരിശോധിക്കാനായി മേപ്പാടി പഞ്ചായത്ത് അധികൃതർ യോഗം ചേരുകയാണ്.
വയനാട് മേപ്പാടിയിലെ എലിമ്പിലേരിയിൽ റിസോർട്ടിലെ ടെന്‍റിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്ത് അധികൃതർ അടിയന്തരമായി യോഗം ചേർന്ന് നടപടികളെടുക്കാൻ തീരുമാനിച്ചത്. യുവതി താമസിച്ചിരുന്ന റിസോർട്ട് പൂട്ടിയിരുന്നു. ഹോംസ്റ്റേയുടെ ലൈസൻസ് മാത്രം വച്ച്, റിസോർട്ട് നടത്തിയതിന് അധികൃതർക്കെതിരെ നടപടിയും സ്വീകരിച്ചു.
വനമേഖലകളിലെ വഴിവിട്ട ടൂറിസം സൃഷ്ടിക്കുന്ന ദുരന്തങ്ങളില്‍ ഒടുവിലത്തെതാണ് മേപ്പാടി എലിമ്പിലേരിയിലേത്. യാതൊരു അനുമതിയും ഇല്ലാതെയാണ് ടെന്‍റുകള്‍ കെട്ടി വിനോദ സഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുന്നത്. ഇത്തരത്തിലുളള കേന്ദ്രങ്ങളെക്കുറിച്ച് ടൂറിസം വകുപ്പിനോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ പലപ്പോഴും വ്യക്തതയുമില്ല.
സൗത്ത് വയനാട് വനമേഖലയും നിലമ്പൂർ വനമേഖലയും ചേര്‍ന്ന് കിടക്കുന്ന സമൃദ്ധമായ വനപ്രദേശത്തോട് ചേര്‍ന്നാണ് ദുരന്തമുണ്ടായ എലിമ്പിലേരിയിലെ സ്വകാര്യ തോട്ടം. ആനത്താരയായതിനാൽ തന്നെ കാട്ടാനകള്‍ പതിവായി ഇറങ്ങുന്ന പ്രദേശം. ജനവാസ മേഖല അല്ലാത്തതിനാല്‍ വനത്തിനും തോട്ടത്തിനുമിടയില്‍ ട്രഞ്ചുകളോ സംരക്ഷണ
വേലികളോ ഇല്ല. ഇത്തരമൊരു പ്രദേശത്താണ് യാതൊരു മുന്‍കരുതലുമില്ലാതെ ടെന്‍റുകള്‍ കെട്ടി വിനോദ സഞ്ചാരികളെ ക്ഷണിച്ചത്. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെയാണ് ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി വനാതിര്‍ത്തികളിൽ ഇത്തരം ടെന്‍റ് ടൂറിസം തുടങ്ങിയത്.
കഴിഞ്ഞ ദിവസം മേപ്പാടിയിലെ എലുമ്പിലേരി റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കണ്ണൂർ സ്വദേശി ഷഹാന മരിച്ചത് നാടിനെ ഞെട്ടിച്ച വാർത്തയായിരുന്നു. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്നായിരുന്നു ഷഹാന മരിച്ചത്. വിവാഹമെന്ന സ്വപ്നം പൂവണിയാതെയാണ് ഷഹാനയാത്രയായത്.പ്രിയപ്പെട്ടവളുടെ മൃത ദേഹത്തിനൊപ്പം ആംബുലൻസിൽ യാത്ര ചെയ്തു വരൻ ലിഷാമിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് മനസിലാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലിഷാമും ഷഹാനയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. ബഹ്റൈനിലായിരുന്ന ഇരുവരും നാട്ടിൽ തന്നെ സെറ്റിൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗഉട്ൺ കാരണം വിവാഹം നീണ്ടുപോയി.
ഇരുവരുടെയും വിവാഹത്തിനു പങ്കെടുക്കേണ്ടവ ഷഹാനയുടെ മരണാനന്തര ചടങ്ങിൽ
പങ്കാളിയാകേണ്ടി വന്ന ഗതികേടിലാണ്. ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.







