Kerala

ഒന്നര, രണ്ടേകാൽ ലിറ്ററിന്റെ മദ്യംവരുന്നു; വലിയ കുപ്പിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഒന്നര, രണ്ടേകാൽ ലിറ്ററിന്റെ മദ്യവും വിൽപ്പനയ്ക്കെത്തും. നിലവിലുള്ളവയ്ക്കു പുറമേ ഈ അളവുകളിലും മദ്യം വിൽപ്പനയ്ക്കെത്തിക്കാൻ ബിവറേജസ് കോർപ്പറേഷൻ വിതരണക്കാരോട് ആവശ്യപ്പെട്ടു. മുമ്പ് രണ്ടുലിറ്ററിന്റെ മദ്യം വിൽപ്പനയ്ക്കുണ്ടായിരുന്നു. എന്നാൽ, ആവശ്യക്കാരില്ലാത്തതിനാൽ നിർത്തുകയായിരുന്നു.

വിപണി സാധ്യതകൂടി കണക്കിലെടുത്തു മാത്രമേ പുതിയ അളവിൽ മദ്യം എത്താനിടയുള്ളൂ. എല്ലാ ബ്രാൻഡുകൾക്കും ഈ ക്രമീകരണം പ്രായോഗികമല്ലെന്നാണ് വിതരണക്കാർ പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളിലാകും ഇവ വിൽക്കുക. പെഗ് അളവിൽ മദ്യംവിൽക്കുന്നതിനാൽ ബാറുകൾക്ക് പ്രയോജനകരമാണ് പുതിയ ക്രമീകരണം.

ഫെബ്രുവരി മുതൽ മദ്യത്തിന് ഏഴ് ശതമാനം വില വർധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 750 മില്ലിലിറ്റർ (ഫുൾ) മദ്യം ചില്ലുകുപ്പിയിലേക്കു മാറ്റും. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനാണു തീരുമാനം. മൊത്തം വിൽപ്പനയിൽ അഞ്ച് ശതമാനം മാത്രമാണ് ഫുൾബോട്ടിൽ മദ്യത്തിന്റേത്. 40 ശതമാനം വിൽപ്പനയും അരലിറ്റർ മദ്യത്തിനാണ്. ഒരു ലിറ്ററിനാണ് പിന്നെ ആവശ്യക്കാരുള്ളത്.

Related Articles

Leave a Reply

Back to top button