Kerala

തെങ്ങു മുറിക്കുന്നതിനിടെ കൂടിളകി; ഇരച്ചെത്തിയ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

മലപ്പുറം: ക്ലാസ്സിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥികളെ കടന്നല്‍ ആക്രമിച്ചു. കൊളത്തൂര്‍ പാങ്ങ് വെസ്റ്റ് എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. സ്‌കൂള്‍ ബസില്‍നിന്നിറങ്ങി ക്ലാസുകളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇന്ന് രാവിലെ ഒന്‍പതേകാലോടെയാണ് അപകടമുണ്ടായത്.

51ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. സമീപത്തെ വീട്ടിലെ തെങ്ങു മുറിക്കുന്നതിനിടെയാണ് കടന്നല്‍ക്കൂടിളകിയാതെന്നാണ് വിലയിരുത്തുന്നത്. ബസ്സില്‍ നിന്നും ഇറങ്ങി ക്ലാസ്സുകളിലേക്ക് പോകുന്നതിനിടെ കൂട്ടത്തോടെ ഇളകിയെത്തിയ കടന്നലുകള്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. കുട്ടികള്‍ ഒന്നടങ്കം നിലവിളിച്ചതോടെ ഓടിയെത്തിയ അധ്യാപകര്‍ നാട്ടുകാരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചു.

കുട്ടികളുടെ തലയിലും ദേഹത്തു പല ഭാഗത്തും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. ഒന്നിലേറെ കുത്തേറ്റ കുട്ടികളെ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. പ്രീപ്രൈമറിയടക്കം 260 കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്.

Related Articles

Leave a Reply

Back to top button