പുതുപ്പാടിയിൽ ജലജീവൻമിഷൻ പദ്ധതിക്ക് 106.57 കോടി

പുതുപ്പാടി : രാജ്യത്തെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ കുടിവെള്ളമെത്തിക്കുന്നതിനുള്ള കേന്ദ്ര, സംസ്ഥാന സംയുക്ത പദ്ധതിയായ ജലജീവൻമിഷൻ പ്രവർത്തനങ്ങൾക്ക് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. 106.57 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായിരിക്കുന്നത്. 10,500 ഗാർഹിക കണക്‌ഷനുകളാണ് ലഭ്യമാക്കുക.
പദ്ധതിയുടെ വിഹിതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായാണ് വഹിക്കുന്നത്. സംസ്ഥാനവിഹിതത്തിൽ പതിനഞ്ച് ശതമാനം പഞ്ചായത്തുകളിൽനിന്ന് ഈടാക്കുമ്പോൾ ശേഷിക്കുന്ന പത്ത് ശതമാനം ഗുണഭോക്തൃവിഹിതമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ ജനപങ്കാളിത്തത്തോടെയും വാട്ടർഅതോറിറ്റിയുടെ നിർവഹണ, സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. ചാത്തമംഗലം കേന്ദ്രീകരിച്ചുള്ള ജലവിതരണശൃംഖലയിൽ പുതുപ്പാടിക്ക് പുറമേ ചാത്തമംഗലം, താമരശ്ശേരി, കോടഞ്ചേരി, മടവൂർ, ഉണ്ണികുളം, കിഴക്കോത്ത്, കട്ടിപ്പാറ എന്നീ പഞ്ചായത്തുകളിലും പദ്ധതിക്ക് ഭരണാനുമതിയായതായി ജലഅതോറിറ്റി അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ജലസംഭരണി സ്ഥാപിക്കുന്നതിന് പുതുപ്പാടിയിലെ പെരുമ്പള്ളി എട്ടേക്രയിൽ 35 സെന്റ് സ്ഥലം കണ്ടെത്തി കൈമാറ്റത്തിന് ധാരണയായി കഴിഞ്ഞു. ബൂസ്റ്റർ സ്റ്റേഷനുവേണ്ടി പെരുമ്പള്ളി അങ്ങാടിക്ക് സമീപം അഞ്ച് സെന്റ് സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കുന്നതിനായി ഇതിനകം 20 ലക്ഷം രൂപ ഗ്രാമപ്പഞ്ചായത്ത് വകയിരുത്തി. നേരിട്ട് ജലമെത്തിക്കാനാവാത്ത മൈലള്ളാംപാറ, ചിപ്പിലിത്തോട് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിലേക്ക് താഴെ സ്ഥാപിക്കുന്ന ബൂസ്റ്റർ സ്റ്റേഷൻ ഉപയോഗപ്പെടുത്തി വെള്ളം പമ്പ് ചെയ്തെത്തിക്കും. ജലനിധി പദ്ധതികളുടെ നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത പത്തോളം ടാങ്കുകൾ ജലജീവൻ മിഷൻ പദ്ധതിക്കായി ഉപയോഗപ്പെടുത്തും. സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭ്യമായ മുറയ്ക്ക് ഇനി ടെൻഡർ നടപടികളിലേക്ക് കടക്കും.
പഞ്ചായത്തിൽ സജ്ജമാക്കിയ ജലജീവൻമിഷൻ നിർവഹണസഹായ ഏജൻസിയായ ശ്രേയസ്സിന്റെ ഏജൻസി ഓഫീസ് ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ അധ്യക്ഷനായി. ചടങ്ങിൽ ശ്രേയസ്സ് ബത്തേരി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ബെന്നി ഇടയത്ത് മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷരായ ആയിഷ ബീവി, ബിജു തോമസ്, സിന്ധു ജോയ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ബീന തങ്കച്ചൻ, ഷിജു ഐസക്, ഷംസു കുനിയിൽ, റംല അസീസ്, രാധ, മോളി ആന്റോ തുടങ്ങിയവർ സംസാരിച്ചു.
എം.കെ. ജാസിൽ, അമ്പുടു ഗഫൂർ, ടെന്നി വർഗീസ്, ബിജു താന്നിക്കാകുഴി, ഷാഫി വളഞ്ഞപാറ, കെ.വി. ഷാജി, ഫാ. ജേക്കബ്, ലിസ്സി തുടങ്ങിയവർ പങ്കെടുത്തു.







