സംസ്ഥാനത്ത് ഇന്ന് 4034 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 4034 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂർ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂർ 206, പാലക്കാട് 147, കാസർഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പുതുതായി ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 88 പേർക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരിൽ 73 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,11,37,843 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4119 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.






