Kerala

പുതുപ്പാടിയിലെ മരം കൊള്ള:വിജിലൻസ് അന്വേഷണം ആരംഭിച്ചു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തുനിന്ന് അനുമതികൂടാതെ മരംമുറിച്ചുകടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ സി.ഐ. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച പരിശോധന നടത്തിയത്. സംഘം പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ രേഖകൾ പരിശോധിക്കുകയും സ്ഥലം സന്ദർശിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു.

ചെമ്മരംപറ്റയിൽ വ്യവസായസംരംഭകേന്ദ്രം തുടങ്ങുന്നതിനുവേണ്ടി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്ത ഒരേക്കർസ്ഥലത്തുനിന്ന് നടപടിക്രമങ്ങൾ പാലിക്കാതെ 10 ലക്ഷം രൂപയോളം വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തി എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി താമരശ്ശേരി പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കുറ്റക്കാരെ കണ്ടെത്തിയിട്ടില്ല. തൊഴിലുറപ്പു ജോലിക്ക് പോവുകയായിരുന്ന സ്ത്രീകളാണ് അന്ന് മരംമുറി പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഒരു വലിയ ലോറിയിൽ കയറ്റാവുന്നത്രയും മരങ്ങൾ പ്രദേശത്ത് മുറിച്ചിട്ടനിലയാണ്. ഒരു ലോഡ് മരങ്ങളെങ്കിലും കടത്തിക്കൊണ്ടുപോയതായാണ് കരുതുന്നത്.

2020 ജൂൺ അഞ്ചിന് പരിസ്ഥിതിദിനത്തിൽ പഞ്ചായത്ത് ഭരണസമിതി കാര്യക്ഷമമായി നടത്താൻ തീരുമാനിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ മറവിലാണ് വ്യാപക മരംമുറി നടന്നത്. ബഡ്സ് സ്കൂൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു ആദ്യം പച്ചത്തുരുത്ത് പദ്ധതിപ്രകാരം മരങ്ങൾ നടാൻതുടങ്ങിയത്.

Related Articles

Leave a Reply

Back to top button