Thiruvambady

കടുത്ത വേനൽച്ചൂടിൽ വറ്റി വരണ്ട് ഇരുവഞ്ഞിപ്പുഴ

തിരുവമ്പാടി: ചാലിയാറിന്റെ പോഷകനദിയായ ഇരുവഞ്ഞിപ്പുഴയുടെ തിരുവമ്പാടി പഞ്ചായത്ത് അധീനപ്രദേശങ്ങളിൽ കടുത്ത വേനലിൽ വരൾച്ച അതിരൂക്ഷം. പലഭാഗങ്ങളിലും പുഴ നീർച്ചാലായി മാറിയ അവസ്ഥയാണുള്ളത്. ഉത്ഭവസ്ഥലമായ ജലനിരപ്പ് താഴ്ന്ന നിലയിലാണുള്ളത്. ഇരുവഞ്ഞിപ്പുഴയുടെ കൈവഴികളായ പൊയിലിങ്ങാപുഴ, കണിയാടുപുഴ, ഇടത്തറപ്പുഴ, കരിമ്പുഴ, ചാലിപ്പുഴ, കൂടരഞ്ഞി പഞ്ചായത്തിലുള്ള ചെറുപുഴ എന്നിവയെല്ലാം വറ്റുകയാണ്.

തീരങ്ങളിലെ കുടിവെള്ളപദ്ധതികളും അവതാളത്തിലാകുന്ന വിധത്തിലാണ് വരൾച്ചയുടെ പോക്ക്. വീടുകളിലെ കിണറുകളിലും ജലവിതാനം കുറഞ്ഞ് പലയിടങ്ങളിലും വറ്റിത്തുടങ്ങി. മതിയായ ജലസേചനസൗകര്യം ലഭിക്കാത്തതുകാരണം വിളകൾ കരിഞ്ഞുണങ്ങുന്നതായി കർഷകർ ആശങ്കപ്പെടുന്നു. മലയോരങ്ങളിലെ പ്രകൃതിദത്ത നീരുറവകളും വറ്റിവരണ്ടത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുകയാണ്. വേനൽമഴ കനിയാത്ത സാഹചര്യത്തിൽ പുഴകളിൽ തടയണകൾ നിർമിക്കണമെന്ന ആവശ്യവുമായി തീരവാസികൾ രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button