Kerala
വെബ് കാസ്റ്റിങ് ലിങ്ക് നൽകാനാകില്ലെന്ന് കമ്മിഷൻ

കൊച്ചി: പോളിങ് സ്റ്റേഷനിലെ വെബ് കാസ്റ്റിങ് ലിങ്ക് പൊതുജനത്തിന് നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. കണ്ണൂർ ജില്ലയിലെ ഏഴ് മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളിലെ വെബ് കാസ്റ്റിങ് ലിങ്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മാടായി ബ്ലോക്ക് പ്രസിഡന്റ് പി.പി. കരുണാകരൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.
ധർമടം, തലശ്ശേരി, പേരാവൂർ, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലത്തിലെ പോളിങ് സ്റ്റേഷനിലെ വെബ് കാസ്റ്റിങ് ലിങ്ക് വേണമെന്നായിരുന്നു ആവശ്യം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ ലിങ്ക് നൽകിയതിനാൽ ഒട്ടേറെ പരാതി ഉയരുകയും ചില ബൂത്തുകളിൽ റീ പോളിങ് നടത്തിയതായും ചൂണ്ടിക്കാട്ടിയിരുന്നു.







