8 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ: രക്തബാങ്കുകൾ പ്രതിസന്ധിയിലേക്ക്, ആശങ്ക

കോഴിക്കോട് ∙ കോവിഡ് വ്യാപനത്തെ തുടർന്നു രക്തബാങ്കുകളിൽ രക്തക്ഷാമം. 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ തുടങ്ങുമ്പോൾ പ്രതിസന്ധിയാകും. വാക്സീൻ എടുത്ത് 28 ദിവസമെങ്കിലും കഴിയാതെ രക്തദാനം നടത്താൻ കഴിയില്ല എന്നതാണ് ആശങ്ക. നിലവിൽ രക്തബാങ്കുകളിൽ ഏറ്റവും കൂടുതൽ അളവ് രക്തദാനം നടത്തുന്നത് 18–45നും ഇടയിൽ പ്രായമുള്ളവരാണ്. ഇവർ മേയ് 1 മുതൽ കോവിഡ് വാക്സീൻ എടുക്കാൻ ഒരുങ്ങുന്നത് ബ്ലഡ് ബാങ്കുകളിൽ പ്രതിസന്ധിയുണ്ടാക്കും.
രണ്ടാം ഡോസ് കൂടി എടുത്തു വീണ്ടും 28 ദിവസം കൂടി കഴിഞ്ഞാലേ രക്തദാനം നടത്താൻ കഴിയൂ. ഫലത്തിൽ 2 മാസം രക്തദാനം നടത്താൻ കഴിയാത്ത അവസ്ഥയാകും. കോഴിക്കോട് മെഡിക്കൽ കോളജ്, കോട്ടപ്പറമ്പ്, വടകര, ബീച്ച് ആശുപത്രികളിലാണു നിലവിൽ രക്ത ബാങ്കുകൾ പ്രവർത്തിക്കുന്നത്. നേരത്തെ കോളജുകളും സന്നദ്ധ സംഘടനകളും നടത്തിയിരുന്ന രക്തദാന ക്യാംപുകളിലൂടെയാണ് രക്തമെത്തിയിരുന്നത്. കോവിഡ് മൂലവും റമസാൻ മൂലവും ക്യാംപുകൾ കുറഞ്ഞു. വ്യക്തിപരമായി നൽകിയിരുന്നവർ കോവിഡ് ആശങ്കയെ തുടർന്ന് ആശുപത്രികളിലേക്ക് വരുന്നുമില്ല .
ഇതിനു പുറമേ 2 മാസം കൂടി രക്തദാനം നടത്താൻ പറ്റാത്ത സാഹചര്യം കൂടിയുണ്ടായാൽ ഗുരുതര പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. ക്ഷാമം രൂക്ഷമായതോടെ കാൻസർ, ഹീമോഫീലിയ തുടങ്ങിയ രോഗമുള്ളവരും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരുമെല്ലാം രക്തം ലഭിക്കാൻ രക്തദാതാവിനെ എത്തിക്കേണ്ട അവസ്ഥയിലാണ്. വാക്സീൻ എടുക്കുന്നതിനു മുൻപായി കഴിയുന്നവരെല്ലാം രക്തദാനം നടത്തണമെന്നു ഡോക്ടർമാർ നിർദേശിക്കുന്നു.
ബ്ലഡ് ബാങ്കുകൾ കോവിഡ് ബാധിതരുമായി ഒരു തരത്തിലും സമ്പർക്കമുണ്ടാകാത്ത സ്ഥലങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ രക്തദാനം നടത്താൻ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഡോക്ടർമാർ പറയുന്നു.







