ജില്ലയിൽ 63 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിൽ

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ ജില്ലയിൽ 63 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലെത്തി.
31 ഇടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനുമുകളിലാണ്. 40.6 ശതമാനവുമായി ഒളവണ്ണ പഞ്ചായത്താണ് ഏറ്റവുംമുന്നിൽ. 630 കോവിഡ് ബാധിതരാണ് ഇവിടെ ചികിത്സയിലുള്ളത്. ചേമഞ്ചേരി പഞ്ചായത്തിലാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്നത് -54ശതമാനം. അത് കുറച്ചുദിവസംകൊണ്ടുതന്നെ 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും 403 പേർ ഇവിടെ ചികിത്സയിൽ കഴിയുകയാണ്. രണ്ടാഴ്ചകൊണ്ട് 522 പോസിറ്റീവ് കേസുകളാണ് ചേമഞ്ചേരി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞാഴ്ച 12 പഞ്ചായത്തുകളിൽ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയിരുന്നുള്ളൂ. ഏപ്രിൽ 19-നുശേഷമാണ് വൻതോതിൽകൂടിയത്.
25 ശതമാനത്തിനുമുകളിൽ പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ചേമഞ്ചേരി പഞ്ചായത്തിൽ നേരത്തേതന്നെ കൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്തതിനാൽ കാപ്പാട് 50 കിടക്കകളുള്ള ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെൻർ ഒരുക്കിയിട്ടുണ്ട്. അഞ്ചുപേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾക്കും നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ നടത്തിയ വിവാഹങ്ങളിലും മറ്റ് കൂടിച്ചേരലുകളിൽനിന്നുമാണ് കോവിഡ് കേസുകൾ കൂടുതൽപേരിലേക്ക് പടർന്നതെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. ചേമഞ്ചേരി പഞ്ചായത്തിൽ ആദ്യം രണ്ടുവാർഡുകളിലായിരുന്നു കേസുകൾ റിപ്പോർട്ട് ചെയ്തത്. പിന്നീട് അവരുടെ സമ്പർക്കത്തിൽപ്പെട്ട മറ്റിടങ്ങളിലേക്കും രോഗം പടരുകയായിരുന്നുവെന്നും ആരോഗ്യവിഭാഗം വിലയിരുത്തുന്നു.







