സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാവില്ലെന്ന് ഉൽപാദന വിതരണ കമ്പനികൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാവില്ലെന്നാണ് ഉൽപാദന വിതരണ കമ്പനികളുടെ വിലയിരുത്തൽ. ആവശ്യമുളളതിൽ ഏറെയും ഉൽപാദിപ്പിക്കുന്നത് പാലക്കാട് കഞ്ചിക്കോട്ടെ സ്വകാര്യകമ്പനികളിലാണ്. വ്യവസായിക ആവശ്യത്തിനുള്ള ഉപയോഗം കുറച്ച് ആശുപത്രി ആവശ്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന.
രണ്ടു വർഷം മുൻപ് കഞ്ചിക്കോട് തുടങ്ങിയ ഐനോക്സ് എയർ പ്രൊഡക്ട് എന്ന സ്വകാര്യ കമ്പനിയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്നത്. പ്രതിദിനം 149 ടൺ മെഡിക്കൽ ഓക്സിജനാണ് ഉൽപാദനം. നിലവിൽ പ്രതിദിനം എൺപതു ടൺ വരെയാണ് സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ ആവശ്യം.
കേരളത്തിന്റെ ആവശ്യം കഴിഞ്ഞുള്ള ഓക്സിജൻ മറ്റു സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുന്നുണ്ടെന്ന് വിതരണക്കാർ പറയുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിൽ രണ്ടു ഓക്സിജൻ ഫില്ലിങ് പ്ലാന്റുകളും പ്രവർത്തിയ്ക്കുന്നുണ്ട്. മെഡിക്കൽ ആവശ്യത്തിനാണ് പ്രഥമ പരിഗണന. കൂടുതൽ സിലിണ്ടറുകൾ കരുതലായി ഉണ്ടാകണമെന്ന് സർക്കാരിന്റെ നിർദേശം കമ്പനികൾക്ക് ലഭിച്ചിട്ടുണ്ട്.
ഓക്സിജൻ ക്ഷാമം മറ്റ് സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചെങ്കിലും കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഓക്സിജൻ വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന പെട്രോളിയം ആൻഡ് എക്സ്പ്ലോപ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ അധികൃതർ വ്യക്തമാക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ്, ബിപിസിഎൽ എന്നിവിടങ്ങളിലും നേരിയ തോതിൽ ഓക്സിജൻ ഉൽപാദനമുണ്ട്







