രൂപാ 100 കൊടുത്താൽ കുപ്പി വീട്ടിലെത്തും; ബവ്റിജസ് ക്യൂവിൽ ഒരു ‘സ്വയംതൊഴിൽ’!

കൊച്ചി: അക്കൗണ്ടിൽ പണമിട്ടാൽ മൂന്നു ലീറ്റർ വരെ മദ്യം വീട്ടിലെത്തിക്കുമെന്ന് വാഗ്ദാനം. കോവിഡ് കാലത്ത് ഓൺലൈനായി മദ്യവിതരണം നടത്തുന്നതു പരിഗണിച്ച ബവ്റിജസ് കോർപ്പറേഷൻ വാക്കു മാറിയിടത്താണ് കൊച്ചി ഗാന്ധിനഗർ സ്വദേശി മോൻസി ജോർജിന്റെ വാഗ്ദാനം. നൂറു രൂപ അധികം സർവീസ് ചാർജായി നൽകണം. കൊച്ചി നഗര പരിധിയിൽ നാലു കിലോമീറ്റർ മാത്രമായിരിക്കും സേവനം. ഇതു കാണിച്ചു കാർഡ് അടിച്ചു കൊച്ചിയിലെ മദ്യഷാപ്പുകൾക്കു മുന്നിലും മറ്റും വിതരണം ചെയ്തിട്ടുമുണ്ട് ഈ ‘സംരംഭകൻ’.
അതേസമയം മദ്യം ഒരാൾക്ക് സൗജന്യമായി നൽകിയാൽ പോലും അതു വിൽപനയായാണ് നമ്മുടെ നിയമം പരിഗണിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഈ ഓൺലൈൻ ഇടപാട് നിയമവിരുദ്ധമാണെന്നും എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എ.അശോക് കുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.
‘‘രാവിലെ എട്ടുമണിക്കു മുമ്പാണ് ഓർഡറെങ്കിൽ അന്നു തന്നെ ക്യൂ നിന്നു വീട്ടിലെത്തിക്കും. അല്ലെങ്കിൽ അടുത്ത ദിവസം മദ്യഷോപ്പിൽ നിന്നു വാങ്ങി ബില്ലു സഹിതം എത്തിച്ചു നൽകും. ഓർഡർ കൂടുതലുണ്ടെങ്കിൽ കൂടുതൽ ആളുകളെ ഇറക്കി ക്യൂവിൽ നിർത്തി മദ്യം വാങ്ങിപ്പിച്ചു വീടുകളിലെത്തിക്കും. ഇവിടെ പണിയില്ലാത്ത കുറെ ആളുകളുണ്ട്. ഇപ്പോൾ 100 രൂപയ്ക്ക് 1000 രൂപയുടെ വിലയുണ്ട്.’’ – ഫോണിൽ വിളിക്കുന്നവരോടു മോൻസി പറയുന്നതിങ്ങനെ.
20 വർഷം നിയമം പ്രിന്റു ചെയ്തു പുസ്തകത്തിലാക്കി വിറ്റതിന്റെ ആത്മവിശ്വാസത്തിലാണ് ഈ ഓൺലൈൻ ഓർഡർ എടുക്കലിന് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടത്. സാധാരണക്കാർ ഒരു സർക്കാർ ഓഫിസിലോ പൊലീസ് സ്റ്റേഷനിലോ പോയാൽ എന്തെല്ലാം അറിഞ്ഞിരിക്കണം; ചെയ്യണം എന്നു കാണിച്ച് ചക്രവർത്തി പബ്ലിക്കേഷൻസിന്റെ പേരിൽ പുസ്തകം വിൽപന നടത്തി വരികയായിരുന്നു ഇദ്ദേഹം. മൂന്നു ലീറ്റർ മദ്യം മാത്രമേ ഒരാൾക്കു വാങ്ങാനും കൈവശം വയ്ക്കാനും സാധിക്കൂ. അത്രയും മാത്രമേ വാങ്ങുകയും വീടുകളിൽ എത്തിക്കുകയും ചെയ്യുന്നുള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ വാദം.
‘‘കോവിഡ് വന്നു വിൽപന നടത്താനാവാതെ വന്നതോടെ കഷ്ടപ്പാടിലായി. ഈ സമയം സാനിറ്റൈസർ ഉൽപാദിപ്പിച്ചു വിൽപന നടത്തിയെങ്കിലും വമ്പൻമാർ കുറഞ്ഞ വിലയ്ക്കു വിൽപന തുടങ്ങിയതോടെ നഷ്ടത്തിലായി. പിന്നെ പച്ചക്കറി ഓർഡർ അനുസരിച്ചു വീടുകളിലെത്തിച്ചു തുടങ്ങി. പക്ഷെ ജനത്തിന് ഇതാണ് അതിനേക്കാൾ ആവശ്യം എന്നു തോന്നിയതുകൊണ്ടാണ് മദ്യം വീടുകളിലെത്തിക്കാൻ തീരുമാനിച്ചത്. കുറച്ചു തൊഴിൽ ഇല്ലാത്തവരുണ്ട്, ഒരാൾ തൊഴിൽ ചെയ്താൽ നാലു പേർക്കു ഭക്ഷണമാകും. കച്ചവടങ്ങൾ പൊട്ടി എല്ലാവരുടെയും അവസ്ഥ ഇതാണ്.
മദ്യഷോപ്പുകളിൽ പൊലീസുകാരുടെ മുന്നിൽ വച്ചാണ് ഇതു വിതരണം ചെയ്തത്. നിയമലംഘനം ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ അവർക്കു കേസെടുക്കാമായിരുന്നല്ലോ? പിന്നെ നിയമങ്ങളെക്കുറിച്ച് കുറച്ച് അറിവുണ്ട്. ആ ബോധ്യത്തോടെയാണു ചെയ്യുന്നത്. കാർഡു കണ്ടു വിളിക്കുന്ന ചിലരു ചൊറിയാൻ നോക്കും, ചിലരു പണി തരാൻ നോക്കും ഇതെല്ലാം മനസ്സിലാക്കും. ഇങ്ങനെ ഒരു പരിപാടി ഇവിടെ ആരും ഇതുവരെ ചെയ്തിട്ടില്ല. ചെയ്യുന്നതെല്ലാം വ്യത്യസ്തമായി ചെയ്യുന്ന ആളാണ്. കൊച്ചിക്ക എന്ന ഒരു ഉൽപന്നം പുറത്തിറക്കിയിരുന്നു. പുതുമയാർന്ന ഉൽപന്നമാണ് മുറിയിൽ അടിച്ചാൽ കൊതുകു വരില്ല, ശരീരത്ത് അടിച്ചാൽ കൊതുകു കടിക്കില്ല. ഒരു ഹെർബൽ ഉൽപന്നം. ഇപ്പോൾ കുപ്പി കിട്ടാതായതോടെ അതിന്റെ കച്ചവടവും നടക്കുന്നില്ല’ – മോൻസി പറയുന്നു.
കുറ്റകരമായ പ്രവർത്തി: എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ
‘‘ഒരെണ്ണം വാങ്ങാൻ പോകുന്നിടത്ത് എനിക്കൂടെ ഒരെണ്ണം വാങ്ങിക്കൊണ്ടു വരണേ ടാ..’’ എന്നു പറയുന്നതിന് അപ്പുറത്തേയ്ക്ക് ഒരു പരിപാടിയും നടപ്പില്ലെന്നാണ് ഇക്കാര്യത്തിൽ എക്സൈസ് എറണാകുളം ഡപ്യൂട്ടി കമ്മിഷണർ ടി.എ. അശോക് കുമാറിന്റെ പ്രതികരണം.
ഇതൊരു കുറ്റകരമായ പ്രവർത്തിയാണ്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്ന നിലയിലാണ് നമ്മുടെ നയം. അത്യാവശ്യമുള്ളവർ വാങ്ങിക്കഴിക്കുക എന്നതല്ലാതെ വാങ്ങിക്കൊടുക്കാനോ, ഓൺലൈനായി എത്തിച്ചു കൊടുക്കാനോ ഒന്നും ലൈസൻസ് നൽകാനാവില്ല. ഇങ്ങനെ ഒരു കീഴ്‍വഴക്കവും ഇവിടെ ഇല്ല.
പൈസ കൂടുതൽ വാങ്ങി അങ്ങനെ ചെയ്യുന്നത് അനധികൃത വിൽപനയായി മാത്രമേ പരിഗണിക്കൂ. സമ്മാനമായി പോലും കൊടുക്കുന്നത് വിൽപനയായി മാത്രമേ പരിഗണിക്കൂ എന്നാണ് നിയമം. മദ്യവിതരണത്തിന്റെ കാര്യത്തിൽ അത്രയ്ക്കു നിയന്ത്രണങ്ങളുണ്ട്. ആവശ്യമുള്ളവർ സർക്കാർ ലൈസൻസ് നൽകിയിട്ടുള്ള സ്ഥാപനങ്ങളിൽനിന്നു വ്യക്തിഗത ഉപയോഗത്തിനു വാങ്ങാം. വ്യക്തിപരമായി ഉപയോഗിക്കാം എന്നല്ലാതെ ഇതൊരു ഉപ കച്ചവടമായി ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറയുന്നു.







