‘മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്‍റെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവൻ’, ഗുരുതര ആരോപണവുമായി ഷാഫി പറമ്പിൽ

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ അംഗങ്ങളുടെ സിപിഎം ബന്ധത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിൽക്കുന്ന ആളുടെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവനാണെന്ന് കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ ആരോപിച്ചു. പ്രാദേശികമായി പാർട്ടി സ്വർണ്ണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും സ്വതന്ത്ര അന്വേഷണം നടക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ക്രിമിനൽ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് സിപിഐഎം. ഭരണം ദുരുപയോഗം ചെയ്യുന്നു. സിപിഎം ക്വട്ടേഷൻ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.
ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും ലെവി പിടിക്കുന്ന പാർട്ടിയായി സിപിഎം അധ:പതിച്ചു. സിപിഐഎം അറിഞ്ഞു വളർത്തിയ സംഘമാണ് കടത്തിന് പിന്നിലുള്ളത്. ക്വട്ടേഷൻ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വർണ്ണക്കടത്തിന് പിന്നിൽ ഉണ്ടെങ്കിൽ ഇനി ഒരന്വേഷണവും ഉണ്ടാകില്ല. പ്രതികളുടെ പരോളുകൾ ഉൾപ്പെടെ അന്വേഷിക്കണം. കസ്റ്റംസ് അന്വേഷണത്തിന് പുറത്ത് മറ്റ് ഏജൻസികളും ഏജൻസികളും അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







