Kozhikode
അപായഭീഷണി ഒഴിഞ്ഞില്ല, പതിമംഗലത്ത് റോഡ് സോപ്പിട്ട് കഴുകി……

കുന്ദമംഗലം : ഓയിൽ പരന്ന് വഴുക്കലുള്ള പതിമംഗലം തോട്ടുംപുറം റോഡിലെ അപായഭീഷണി ഒഴിഞ്ഞില്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ഇരുചക്രവാഹനങ്ങൾ തെന്നി വീണതോടെ നാട്ടുകാർ വീണ്ടും അഗ്നിരക്ഷാസേനയെ വിളിച്ചു. ദേശീയപാതയിൽ കൊടുംവളവുള്ള സ്ഥലത്താണ് വീണ്ടും അപായഭീഷണി ഉയർന്നത്.
ബുധനാഴ്ച രാവിലെയാണ് ഇവിടെ ലോറിയിൽനിന്ന് ചോർന്ന ഓയിൽ റോഡിൽ പരന്നത്. തുടർന്ന് വെള്ളിമാട്കുന്നിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി റോഡിൽ പാറപ്പൊടി വിതറി. എന്നാൽ ഇത് ഫലപ്രദമായില്ല. വീണ്ടും അപകടങ്ങളുണ്ടായതോടെയാണ് വാർഡംഗം എം. ബാബുമോൻ സഹായത്തിനായി അഗ്നിരക്ഷാസേനയെ വിളിച്ചത്. ഫയർ ഓഫീസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ എത്തിയ സംഘം റോഡ് മുഴുവൻ സോപ്പ് പൊടിയിട്ട് കഴുകി വൃത്തിയാക്കി. പി. വിജിൻ, പി. വിപിൻ, പി.എ. വിജയൻ, ടി.പി. സൈനുദ്ദീൻ, അഹമ്മദ് റഹീസ് എന്നിവരാണ് റോഡ് വൃത്തിയാക്കിയത്.
NEWS FROM MATHRUBHUMI







