Kerala

സോറി പ്രധാനമന്ത്രി 10000 തരില്ല; വ്യാജ വാര്‍ത്തയും പിടിച്ച് അക്ഷയയിലേക്ക് രക്ഷിതാക്കളുടെ ഒഴുക്ക്

കൊച്ചി: മലയാളി സൂപ്പറാണ്… എത്ര പറ്റിക്കപ്പെട്ടാലും പഠിക്കില്ല. ഒരിക്കല്‍ വീണ കുരുക്കില്‍ പിന്നെയും പോയി ചാടും…! ഒന്നാം കോവിഡ് തരംഗത്തിനിടെ വന്ന അതേ തട്ടിപ്പ് വീണ്ടും ഇറങ്ങി, ‘വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി 10,000 രൂപ നല്‍കുന്നു’.

അക്ഷയ കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളിലേക്കും അച്ഛനമ്മമാര്‍ ഒഴുകുകയാണ്.

തട്ടിപ്പാണെന്നു പറഞ്ഞ് അക്ഷയക്കാര്‍ അടുപ്പിക്കാതിരിക്കുമ്പോള്‍, വിശ്വാസം വരാതെ വ്യാജ സേവനകേന്ദ്രങ്ങളെ സമീപിക്കുകയാണിവര്‍. എറണാകുളം ജില്ലയിലാണ് വലിയതോതില്‍ പ്രചാരം നടക്കുന്നതും ആളുകള്‍ പറ്റിക്കപ്പെടുന്നതും. അക്ഷയ അധികൃതര്‍ മറുപടിപറഞ്ഞു മടുത്തു.

‘കോവിഡ്-19 സപ്പോര്‍ട്ടിങ് പദ്ധതിപ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നല്‍കും’ -ഇതാണ് പ്രചരിക്കുന്ന സന്ദേശം. യാഥാര്‍ഥ്യമറിയാതെ അധ്യാപകരടക്കം സ്‌കൂള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നം ഗുരുതരമായത്. 100 രൂപ മാത്രമാണ് രജിസ്ട്രേഷന്‍ ഫീസായി ഈടാക്കുന്നതെന്നതിനാല്‍ അച്ഛനമ്മമാര്‍ ‘ആവേശ’ത്തിലാണ്. പക്ഷേ, അപേക്ഷയ്‌ക്കൊപ്പം ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കുന്നുണ്ട്. ഇത് ഭാവിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്.

അപേക്ഷയും രേഖകളും രജിസ്ട്രേഷന്‍ ഫീസും പോകുന്നത് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്. വലിയ ബാങ്ക് തട്ടിപ്പിന് കളമൊരുങ്ങുന്നു എന്നാണ് സംശയമുയരുന്നത്.

ഇത്തരമൊരു പദ്ധതിയില്ലെന്നറിയാവുന്ന അക്ഷയക്കാര്‍ തട്ടിപ്പ് ചൂണ്ടിക്കാട്ടി എല്ലാവരേയും തിരിച്ചയയ്ക്കുകയാണ്. പണമീടാക്കാമെന്നതിനാല്‍ വ്യാജസേവന കേന്ദ്രങ്ങള്‍ എല്ലാവര്‍ക്കും സഹായം ചെയ്തുകൊടുക്കുകയും ചെയ്യും.

നഷ്ടപ്പെടുന്നത് 100 രൂപ മാത്രമായതിനാല്‍ ആരും പരാതിയുമായി പോകില്ല. ഇതറിയാവുന്ന തട്ടിപ്പുസംഘം വ്യാജസന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

മറ്റൊരു സന്ദേശവും കൂടി വാട്സാപ്പില്‍ പറക്കുന്നുണ്ട്, ‘അഞ്ചാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ 4,000 രൂപ കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു’ എന്ന്. ഇതും വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ‘ഫാക്ട് ചെക്ക്’ വിഭാഗംതന്നെ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button