Kerala

കയറുന്നതിനിടെ സ്വകാര്യ ബസിൽ നിന്നും വീണ് കാലിലൂടെ പിൻചക്രം കയറിയിറങ്ങി; ഗുരുതരമായ പരിക്കേറ്റ വയോധിക മരണത്തിന് കീഴടങ്ങി

മണർക്കാട്: സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. വെള്ളൂർ ഇല്ലിവളവ് തെക്കെക്കുറ്റ് അന്നമ്മ ചെറിയാൻ (85)ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മണർകാട് പള്ളി ജങ്ഷനിൽ വെച്ചായിരുന്നു അന്നമ്മ അപകടത്തിൽപെട്ടത്. ചവിട്ടുപടി കയറുന്നതിനു മുമ്പ് അതിവേഗത്തിൽ മുന്നോട്ടെടുത്ത ബസിൽ നിന്നും താഴെ വീണ് അന്നമ്മയുടെ കാലിൽ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച അന്നമ്മയുടെ വലതു കാൽമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരുമെന്നു ഡോക്ടർമാർ അറിയിച്ചിരുന്നു. ഇടുപ്പെല്ലിനും ഇടതു കാലിന്റെ ഉപ്പൂറ്റിക്കും പരുക്കുണ്ടായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണു അപകടമുണ്ടായത്. മണർകാട് പള്ളിയിൽ കല്യാണത്തിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. പള്ളി ജങ്ഷനിൽ നിന്നു മണർകാട് കവലയിലേക്കു പോകാൻ, പാലായിൽ നിന്ന് കോട്ടയത്തേക്കു പോകുന്ന ബീന ബസിൽ അന്നമ്മ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. വാതിൽ പടി പൂർണ്ണമായി കയറുന്നതിനു മുമ്പേ ബസ് ബെൽ അടിച്ചു മുന്നോട്ട് എടുത്തതായി ദൃക്‌സാക്ഷികൾ പറയുന്നു.

നിലത്തു വീണ അന്നമ്മയുടെ വലതുകാലിൽ ചക്രം പൂർണ്ണമായും ഇടതുകാലിൽ ഭാഗികമായും കയറിയിറങ്ങിയിരുന്നു. ഉടൻ പള്ളി ആശുപത്രിയിൽ എത്തിച്ചു, പിന്നീട് മെഡിക്കൽ കോളേജിലും. വലതുകാലിലെ ഞരമ്പുകൾ ചതഞ്ഞരഞ്ഞ നിലയിലായിരുന്നുു. ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് കടന്നുകളഞ്ഞതായും ആരോപണമുണ്ട്

Related Articles

Leave a Reply

Back to top button