Kerala

ലോക്‌സഭയില്‍ ഇന്നും അടിപിടി; രമ്യ ഹരിദാസും ബിജെപി എംപിമാരും തമ്മില്‍ കൈയ്യാങ്കളി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ചര്‍ച്ചയെപ്പറ്റിയുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ലോക്‌സഭയില്‍ രമ്യ ഹരിദാസ് എംപിയും ബിജെപി എംപിമാരും തമ്മില്‍ കൈയ്യാങ്കളി. കലാപത്തെക്കുറിച്ച് ഉടന്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനിടയിലാണ് എംപിമാര്‍ തമ്മില്‍ അടിപിടിയുണ്ടായത്.

ഹോളിക്ക് ശേഷം 11-ാം തീയതി ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാത്ത പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബിജെപി എംപിമാര്‍ പ്രതിപക്ഷാംഗങ്ങളെ തടഞ്ഞു. രമ്യാ ഹരിദാസ് എംപിയെ ബിജെപി എംപിമാര്‍ തടയുകയും ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു.

അതിനിടെ പ്രതിപക്ഷാംഗങ്ങള്‍ ധനമന്ത്രി അവതരിപ്പിച്ച ബാങ്കിങ് റഗുലേഷന്‍ ബില് വലിച്ചുകീറിയെറിഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസവും സഭയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തിനിടെ ബിജെപി എംപിമാരെത്തുകയും ഇതിനിടെ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തിരുന്നു.

സംഭവത്തെത്തുടര്‍ന്ന് രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്കുകയും സ്പീക്കറുടെ മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തിരുന്നു. ബിജെപി എംപി ജസ്‌കൗണ്‍ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്തതായും രമ്യ ഹരിദാസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കൈയ്യാങ്കളിയുണ്ടായത്.

Related Articles

Leave a Reply

Back to top button