Local

മറിപ്പുഴ ജലവൈദ്യുത പദ്ധതിക്ക് 60 കോടിയുടെ നിർമാണ കരാർ

തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിർമിക്കുന്ന 6 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള കെഎസ്ഇബിയുടെ മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമാണ കരാർ കോലഞ്ചേരി സ്വദേശി ശശി ഏരൂരിന്റെ ഉടമസ്ഥതയിലുള്ള ആങ്കർ സ്ട്രക്ചറൽസിനു നൽകാൻ ബോർഡ് തീരുമാനിച്ചു. 60 കോടി രൂപയ്ക്കാണു നിർമാണ കരാർ നൽകിയത്. 29 കർഷകരിൽനിന്നു 15 ഏക്കർ കെഎസ്ഇബി വിലയ്ക്കു വാങ്ങിയാണു പദ്ധതി ആരംഭിക്കുന്നത്. 29 പേരിൽ 25 കർഷകരുടെയും ഭൂമി കെഎസ്ഇബി വാങ്ങി. സ്വകാര്യ ഭൂമിക്കു പുറമേ 5 ഏക്കർ വനഭൂമിയും കെഎസ്ഇബി വാങ്ങുന്നുണ്ട്. 

വനഭൂമിക്കു പകരം വയനാട് ബാണാസുര ഡാമിന് അടുത്തുള്ള ഭൂമി വനം വകുപ്പിനു കൈമാറുന്ന നടപടി പുരോഗമിക്കുന്നു. വനഭൂമിക്കു പകരം ഭൂമി നൽകുന്നിടത്തു വനം നട്ടുപിടിപ്പിച്ചു പരിപാലിക്കുന്നതിനു 41 ലക്ഷം രൂപയും ഒരു വാഹനവും കെഎസ്ഇബി വനം വകുപ്പിനു നൽകും.ഡാം പണിയാത്ത ഇരിട്ടി ബാരപ്പോൾ മാതൃകയിൽ സ്ട്രഞ്ച് വിയർ ഇരുവഞ്ഞിപ്പുഴയിൽ നിർമിച്ചാണു മറിപ്പുഴ പദ്ധതിയുടെ പവർഹൗസിലേക്കു വെള്ളം എത്തിക്കുക. സ്ട്രഞ്ച് വിയറിൽ നിന്നു പവർഹൗസിലേക്ക് ഒരു കിലോമീറ്റർ നീളത്തിൽ കനാലും ഫോർബേ ടാങ്കിൽ നിന്നും 250 മീറ്റർ നീളത്തിൽ പെൻസ്റ്റോക്ക് പൈപ്പും സ്ഥാപിക്കും. 

പവർ ഹൗസിൽ 3 മെഗാവാട്ടിന്റെ 2 ജനറേറ്ററുകളും ഉണ്ടാകും.പവർ ഹൗസും കനാലും ഫോർബേ ടാങ്കും കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ വില്ലേജിൽപ്പെട്ട കുണ്ടൻതോടിലാണു നിർമിക്കുന്നത്. പദ്ധതിക്കു വേണ്ടി ഇരുവഞ്ഞിപ്പുഴയ്ക്കു മറിപ്പുഴയിലും മുത്തപ്പൻപുഴയിലും ഓരോ പാലവും കെഎസ്ഇബി നിർമിക്കും. മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതി യാഥാർഥ്യമാകുന്നതു കുണ്ടൻതോട്, സ്വർഗംകുന്നു പ്രദേശങ്ങളിലെ സമഗ്ര വികസന മുന്നേറ്റത്തിനു വഴി തുറക്കും.

Related Articles

Leave a Reply

Back to top button