“ജന ശുചിത്വ മഴ” പരിപാടിയുടെ ഭാഗമായി തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ശുചീകരണ പ്രവർത്തനം നടത്തി.

തിരുവമ്പാടി: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി വീടുകളും പരിസരങ്ങളും പൊതു സ്ഥലങ്ങളും ശുചീകരിക്കുന്ന “ജന ശുചിത്വ മഴ” പരിപാടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കയാണ്. അതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി “10000 ശുചിത്വ കരങ്ങൾ” എന്ന ബൃഹത്തായ പദ്ധതി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിവരികയാണ്.
പ്രസ്തുത പരിപാടിയിൽ തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പങ്കാളികളായി മാറി. അതിന്റെ ഭാഗമായി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാർ തിരുവമ്പാടി ടൗണിലെ ചേപ്പിലംകോട് റോഡ്, മാർക്കറ്റ് റോഡ്, തിരുവമ്പാടി കുരിശുപള്ളി റോഡ് എന്നീ ഭാഗങ്ങൾ ശുചീകരിച്ചു.
ശുചീകരണ പ്രവർത്തനം കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് കെ.ബാബു മാസ്റ്റർ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ, സംഘം ഡയറക്ടർ ഹനീഫ ആച്ചപറമ്പിൽ, സെക്രട്ടറി പ്രശാന്ത് കുമാർ പി എൻ എന്നിവർ സംസാരിച്ചു.
മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ജന ശുചിത്വ മഴ ശുചീകരണ പ്രവർത്തനങ്ങൾക്ക് ചീഫ് അക്കൗണ്ടന്റ് പ്രസാദ് തോമസ്, സതീശ് ബാബു ടി പി, അഹമ്മദ് കുട്ടി സി എം, നിഷ സുരേഷ്, അമല റാണി മൈക്കിൾ, സന്തോഷ് പൗലോസ് എന്നിവർ നേതൃത്വം നൽകി.







