കട തുറക്കുന്നതിൽ നയപരമായ തീരുമാനം വേണം; സർക്കാരിനോട് ഹൈകോടതി

കൊച്ചി: സംസ്ഥാനത്ത് കടകൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട സമയമായെന്നു ഹൈക്കോടതി. തുണിക്കടകൾ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണു കോടതി ഇക്കാര്യം അറിയിച്ചത്. അതേസമയം ലോക്ഡൗൺ പോലെയുള്ള കാര്യങ്ങളിൽ വിദഗ്ധ സമിതിയുടെ ശുപാർശ നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്നു സർക്കാർ കോടതിയെ അറിയിച്ചു.
ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് കടകൾ അടച്ചിടുന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതു കാര്യക്ഷമമായി നടക്കുന്നില്ലെന്ന നിരീക്ഷണത്തോടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ മാസ്ക് ധരിക്കുന്നത് ജനം ശീലമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാമെന്നായിരുന്നു കോടതിയിൽ വ്യാപാരികളുടെ ഉറപ്പ്. രണ്ടു ദിവസം ലോക്ഡൗൺ അശാസ്ത്രീയമാണെന്നും അവർ കോടതിയിൽ പറഞ്ഞു. അതേസമയം ഒരു ഘട്ടം പിന്നിട്ട സ്ഥിതിക്ക് അടുത്ത നടപടിയിലേയ്ക്കു കടക്കേണ്ട സമയമായെന്നായിരുന്നു കോടതി സർക്കാരിനോടു നിർദേശിച്ചത്. ഇക്കാര്യത്തിൽ അടുത്ത വ്യാഴാഴ്ച നിലപാട് അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്






