പുതുപ്പാടിയിലെ ജനകീയ ഹോട്ടൽ രണ്ട് വര്‍ഷം കൊണ്ട് അഭിമാനകരാമായ വളർച്ചയിൽ

പുതുപ്പാടി: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പുതുപ്പാടിയിൽ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലില്‍ ഇത് വരെ വിളമ്പിയത് 155061 ഉച്ചയൂണ്. 2020 ജൂലായ് അഞ്ചിന് പഞ്ചായത്ത് ബസാറില്‍ ആരംഭിച്ച രുചി ജനകീയ ഹോട്ടല്‍ സംരംഭകരാണ് രണ്ട് വര്‍ഷം കൊണ്ട് ഈ നേട്ടത്തില്‍ എത്തിയത്.
ദിവസേന നാനൂറോളം ഉച്ചയൂണാണ് 20 രൂപക്ക് നല്‍കുന്നത്. പൊതിച്ചോറിനൊപ്പം സാമ്പാര്‍, തോരന്‍, അച്ചാര്‍, മുളക് കൊണ്ടാട്ടം എന്നിവയും കറിയായി നല്‍കും. ഹോട്ടലില്‍ വന്നു കഴിക്കുന്നവര്‍ക്ക് രണ്ടു വീതം കറിയും മറ്റിനങ്ങളും സ്പെഷ്യല്‍ ഇനം വേണ്ടവര്‍ക്ക് അതും നല്‍കും. സ്പെഷ്യല്‍ ഇനത്തിന് 20 രൂപക്ക് പുറമെയുള്ള തുക ഈടാക്കുന്നുണ്ട്.
അഞ്ച് പേരടങ്ങുന്ന ഈ സംരംഭത്തിന് പഞ്ചായത്ത് വാടകയിനത്തിലും വൈദ്യുതി ചാര്‍ജ് ഇനത്തിലും തുക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതു കൂടാതെ കുടുംബശ്രീ മിഷന് ഒരു ഊണിന് 10 രൂപ വീതം സബ്സിഡിയും നല്‍കുന്നത് ഇവര്‍ക്ക് ആശ്വാസമാണ്.
സാധനങ്ങള്‍ക്കും പാചക വാതകത്തിനും വിലകൂടിയത് ചെറിയ രീതിയിലുള്ള പ്രയാസം ഉണ്ടാക്കുന്നുണ്ടെങ്കിലും സ്ഥിരമായി ഒരു നിശ്ചിത വരുമാനം ലഭിക്കുന്നതില്‍ ഇവര്‍ സംതൃപ്തരാണ്. കുടുംബശ്രീ അംഗങ്ങളായ പി.വി. ഷൈനി, റീന രാജന് എന്നിവരാണ് ജനകീയ ഹോട്ടലിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്നത്.







