കലാ – സാംസ്കാരിക – മാനവഐക്യ പ്രവർത്തനങ്ങൾക്കായി; തിരുവമ്പാടിയിൽ സൗഹൃദ സാംസ്കാരിക വേദിക്ക് തുടക്കമായി

തിരുവമ്പാടി: തിരുമ്പാടിയുടെ വിവിധ കലാ – സാംസ്കാരിക – മാനവഐക്യ പ്രവര്‍ത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സൗഹൃദ സാംസ്കാരിക വേദിക്ക് തുടക്കമായി. വേദിയുടെ പ്രഥമാധ്യക്ഷയായി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടിലിനെ യോഗം തിരഞ്ഞെടുത്തു.
വർക്കിംഗ് ചെയർമാൻമാരായി മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. അഗസ്റ്റിൻ, സാമൂഹിക പ്രവര്ത്തകൻ പി.ടി. ഹാരിസ് എന്നിവരെയും ജനറൽ സെക്രട്ടറിയായി സുന്ദരൻ എ പ്രണവം, ട്രഷറർ ആയി കെ.ടി. സെബാസ്റ്റ്യൻ എന്നിവരേയും തിരഞ്ഞെടുത്തു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.പി. ജമീല, ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ എന്നിവരെ രക്ഷാധികാരികളാക്കാനും യോഗം തീരുമാനിച്ചു
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പേരിൽ വിഭാഗീയത രൂക്ഷമായി വരുന്ന ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയ/ജാതി/മത/സാമ്പത്തിക വ്യത്യസ്തതകളില്ലാതെ ജനങ്ങൾക്ക് ഒന്നിച്ചിരിക്കാനാവുന്ന പൊതു വേദികൾ നാടിന് അനിവാര്യമാണെന്ന് ആശംസകൾ പ്രസംഗത്തിൽ തോമസ് വലിയപറമ്പൻ അഭിപ്രായപ്പെട്ടു.
ബോസ് ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നല്കി. സുന്ദരൻ എ പ്രണവം, പി.ടി. ഹാരിസ്, അബൂബക്കർ മൗലവി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളെ തിരഞ്ഞെടുക്കൽ നടപടികൾക്ക് അജു എമ്മാനുവൽ നേതൃത്വം നല്കി.







