Local

ടിവിയോ ഇന്റര്‍നെറ്റോ ഇല്ലാത്തതുകാരണം ഒരു കുട്ടിയ്ക്കും പഠനം നഷ്ടമാകില്ല: ഇപ്പോഴുള്ളത് ട്രയല്‍, എല്ലാവര്‍ക്കും സൗകര്യം ഉറപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിവിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും പാഠഭാഗങ്ങള്‍ നഷ്ടമാകില്ലെന്നും ഇതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടിവിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത 2,61,784 കുട്ടികള്‍ക്കും പഠനസൗകര്യമൊരുക്കും. രണ്ടാഴ്ചയ്ക്കകം എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാകും. വായനശാല, അയല്‍പക്കക്ലാസുകള്‍, പ്രാദേശികപ്രതിഭാകേന്ദ്രം തുടങ്ങിയവയില്‍ സൗകര്യം നല്‍കും. കക്ഷിഭേദമില്ലാതെ എല്ലാ എംഎല്‍എമാരും പഠനസൗകര്യമൊരുക്കാന്‍ സഹായിക്കും.

ഇപ്പോള്‍ ടിവിയോ ഇന്റര്‍നെറ്റോ ഇല്ലാത്ത കുട്ടികള്‍ക്ക് ഒരുപാഠഭാഗവും നഷ്ടപ്പെടില്ല. ഓണ്‍ലൈന്‍ പഠനം സ്‌കൂള്‍ പഠനത്തിന് ബദലോ സമാന്തരമോ അല്ല. പഠനം എപ്പോഴും ക്ലാസ് മുറികളില്‍ത്തന്നെയാണ് നല്ലത്. അവസരം വന്നാല്‍ അപ്പോള്‍ത്തന്നെ സാധാരണ ക്ലാസുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്തത് മൂലം ഓണ്‍ലൈന്‍ ക്ലാസ്സിന്റെ പ്രയോജനം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ കണ്ണമ്പടി, ഇടമലക്കുടി തുടങ്ങിയ ആദിവാസി ഊരുകളില്‍ ഓഫ്ലൈന്‍ പഠനകേന്ദ്രമൊരുക്കും. മറ്റ് പിന്നോക്കമേഖലകളിലും സമാനമായ സൗകര്യങ്ങള്‍ ഒരുക്കും.

ടെലിവിഷന്‍ ഇല്ലാത്തതുമൂലം പഠനം സാധ്യമാകാത്തതിലുള്ള വിഷമത്തില്‍ മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

അതേസമയം, ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകരെ അവഹേളിച്ചവര്‍ക്കെതിരെ കടുത്ത നടപടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button