ബൈപ്പാസിലെ അപകടമരണം: യുവാവിനെ ഇടിച്ചിട്ട് രക്ഷപ്പെട്ട കാർ കണ്ടെത്തി

പന്തീരാങ്കാവ് : ദേശീയപാത ബൈപ്പാസിൽ യുവാവിന്റെ മരണത്തിനുകാരണമായ അപകടത്തെത്തുടർന്ന് നിർത്താതെപോയ കാർ പൊതുജനങ്ങളുടെ സഹായത്തോടെ പോലീസ് കണ്ടെത്തി. കോട്ടയം പാലാ മേവട എന്ന സ്ഥലത്തുനിന്നാണ് KL 24 T 3285 ടാക്സി വാഹനം കണ്ടെത്തിയത്. തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസിൽ കൊടൽ നടക്കാവ് മറീന മോട്ടോഴ്സിനുസമീപം ഫെബ്രുവരി 24-ന് രാത്രി ഏഴരമണിക്കാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനെ തട്ടിയിട്ട കാർ നിർത്താതെപോവുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ കുറ്റിക്കാട്ടൂർ പേരിയ സ്വദേശി മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്.
വാഹനം കണ്ടെത്തുന്നതിനായി പന്തീരാങ്കാവ് പോലീസ് അപകടസ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ ഭാഗങ്ങളുടെ ചിത്രം സഹിതം മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പൊതുജനസഹായം തേടിയിരുന്നു. വാഹനം കണ്ടെത്താൻ സഹായം അഭ്യർഥിച്ചുള്ള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ഇതിനെത്തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേടുപാടുകൾ തീർത്തനിലയിൽ വാഹനം കണ്ടെത്തിയത്. വാഹനം റിപ്പയർചെയ്ത വർക്ക്ഷോപ്പിലെത്തിയ പോലീസ്, അപകടത്തിൽ തകർന്ന ബംപറും വർക്ക് േഷാപ്പിനകത്തുനിന്നുള്ള ചിത്രങ്ങളും ശേഖരിച്ചു. അപകടസ്ഥലത്തുനിന്ന് ലഭിച്ച ബംപറിന്റെ ഭാഗങ്ങളുമായി ഒത്തു നോക്കിയാണ് വാഹനം തിരിച്ചറിഞ്ഞത്. പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ. ജോസ്, എസ്.ഐ. കെ.എസ്.ജിതേഷ്, എ.എസ്.ഐ. ഉണ്ണി, സി.പി.ഒ.മുഹമ്മദ്, ദിവാകരൻ, രൂപേഷ്, ജിതിൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കാർഡ്രൈവറെ ഉടൻ അറസ്റ്റുചെയ്യുമെന്നും തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചേർത്ത് കേസെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.







