Kozhikode

അധിക നികുതി കുറച്ചു; മാഹിയിലെ വിലയേക്കാൾ 3 ഇരട്ടിയിലധികം വിൽക്കാം, മദ്യക്കടത്തു കൂടി

വടകര ∙ മാഹിയിൽ മദ്യത്തിന്റെ അധിക വിൽപന നികുതി ഒഴിവാക്കിയതോടെ മദ്യക്കടത്ത് കൂടി. വൻതോതിൽ മദ്യം കേരളത്തിലേക്ക് എത്തിക്കുന്നുവെന്നാണ് സൂചന. ഇടക്കാലത്ത് കടത്ത് നിർത്തിയ സംഘങ്ങളും സജീവമായി. ലോക്ഡൗൺ കാലത്ത് കേരളത്തിലും മാഹിയിലും മദ്യത്തിന് ഒരേ വിലയായതു കൊണ്ട് കടത്ത് കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് നികുതി പിൻവലിച്ചത്.

മാഹിയിലെ വിലയേക്കാൾ ഇരട്ടിയും 3 ഇരട്ടിയിലുമധികം വിലയ്ക്ക് വിൽക്കാൻ കഴിയുമെന്നതു കൊണ്ട് ആവശ്യക്കാരും ഏറെയാണ്. ജില്ലാ അതിർത്തിയായ അഴിയൂരിലും വടകരയിലും നടക്കുന്ന എക്സൈസ് പരിശോധന കടന്നുകിട്ടിയാൽ തെക്കൻ ജില്ലകളിലേക്ക് മദ്യം എളുപ്പത്തിൽ കടത്താൻ കഴിയുമെന്നതാണ് സംഘങ്ങളുടെ ധൈര്യം. അഴിയൂരിൽ എക്സൈസിന്റെ സ്ഥിരം ചെക് പോസ്റ്റുണ്ട്. ഇതിനു പുറമേ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സ് കേന്ദ്രീകരിക്കുന്നതും ഈ ഭാഗത്താണ്. ചെക് പോസ്റ്റിനും വടകര റേഞ്ച്, സർക്കിൾ ഓഫിസുകൾക്കുമെല്ലാം പഴയ ഓരോ വാഹനങ്ങളാണുള്ളത്. 

ഇതിൽ കടത്തു വാഹനങ്ങളെ പിന്തുടർന്ന് പിടിക്കാൻ ബുദ്ധിമുട്ടാണ്. റേഞ്ചിന്റെ 13 വർഷം പഴക്കമുള്ള വാഹനം ഏറെ ശോച്യാവസ്ഥയിലാണ്. കടൽ വഴി തോണിയി‍ൽ മദ്യക്കടത്ത് നടത്തുന്നതായും വിവരമുണ്ട്. ഇത് തടയാൻ നേരത്തേ തീരദേശ പൊലീസിന്റെ ബോട്ട് ഉപയോഗിച്ച് കടൽ പട്രോളിങ് നടത്തിയിരുന്നു. മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തും അഴിയൂരിലും മറ്റും പല ഭാഗത്തായി മദ്യം സൂക്ഷിക്കുന്നതും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button